കാസർകോട്: അഞ്ച് മാസമായി കുടിശ്ശികയായ പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന ആവശ്യം ഉന്നയിച്ച് എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളുടെ ഉപവാസം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുടരുന്നു. ഞങ്ങൾക്കും ഓണമുണ്ണണം, ഞങ്ങൾക്കും ഓണം വേണം, അഞ്ച് മാസത്തെ പെൻഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വൈകീട്ട് നാല് മണി വരെയാണ് അമ്മമാർ ഉപവാസ സമരം നടത്തുന്നത്.

ഓണത്തോടനുബന്ധിച്ച് മറ്റെല്ലാ ക്ഷേമ പെൻഷനുകൾ പലർക്കും ലഭ്യമാക്കുമ്പോൾ എൻഡോസൾഫാൻ ദുരിതബാധിതരെ അവഗണിക്കുന്നുവെന്നാണ് പരാതി.

കോവിഡ് പ്രതിസന്ധിക്കിടെ പെൻഷൻ കൂടി മുടങ്ങിയത് ദുരിതങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നു.നിത്യജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു.പെൻഷൻ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ ആയിരങ്ങളാണ്.

കിടപ്പിലായവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും 2200 രൂപയും മറ്റുള്ളവർക്ക് 1200 രൂപയുമാണ് പെൻഷൻ നൽകി വരുന്നത് ഭിന്നശേഷി പെൻഷൻ വാങ്ങുന്നവരാണെങ്കിൽ അതിൽ നിന്ന് 500 രൂപ കുറക്കും.

2013 ൽ വിതരണം ചെയ്ത പെൻഷൻ തുക കൂട്ടി നൽകാമെന്ന സർക്കാറിന്റെ വാക്കുകൾ വെറുതെയായി. ഇക്കാലയളവിൽ മറ്റെല്ലാ ക്ഷേമ പെൻഷനുകളും പലവട്ടം വർദ്ധിപ്പിച്ചിട്ടുണ്ട്.

ദുരിതബാധിതരെ ശുശ്രൂഷിക്കുന്ന അമ്മമാർക്ക് ദിവസം 23 നിരക്കിൽ മാസംതോറും നല്‌കേണ്ട സ്‌നേഹ സാന്ത്വനം എന്ന 700 രൂപ വർഷങ്ങളായി മുടങ്ങിയവരുണ്ട്. ഈ സാഹചര്യത്തിലാണ് അഞ്ചു മാസമായി കുടിശ്ശികയായ പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന ആവശ്യമുന്നയിച്ചാണ് ചിങ്ങം ഒന്നാം തീയതി ഉപവാസ സമരം നടത്താൻ തീരുമാനിച്ചത്.

ഓണത്തിനു മുമ്പേ എൻസോൾഫാൻ ദുരിതബാധിതർക്കുള്ള മുഴുവൻ പെൻഷൻ തുകയും നൽകാൻ സർക്കാർ തയ്യാറാകണമെന്നും ചികിത്സാ സംവിധാനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ (എം.എൽ) റെഡ് സ്റ്റാർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.