തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ ഫലപ്രഖ്യാപനം നാളെ. രാവിലെ 8.30ന് വാർത്താസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഫലപ്രഖ്യാപനം നടത്തും.

കഴിഞ്ഞദിവസം കേരളത്തിലെ എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷകളുടെ അടിസ്ഥാനത്തിൽ റാങ്ക് പട്ടികകളിൽ സ്ഥാനം നേടാനുള്ള പരീക്ഷാർഥികളുടെ 'അർഹതാ നില' (ക്വാളിഫയിങ് സ്റ്റാറ്റസ്) പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധപ്പെടുത്തി.

എൻജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും 10 മാർക്കുവീതം ലഭിച്ചവർക്കാണ് എൻജിനിയറിങ് റാങ്ക് പട്ടികയിൽ സ്ഥാനംനേടാൻ അർഹത. ഫാർമസി പ്രവേശനപരീക്ഷയിൽ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തിൽ പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇൻഡക്‌സ് മാർക്ക് 10 എങ്കിലും ലഭിച്ചവർക്കാണ് ഫാർമസി റാങ്ക്പട്ടികയിൽ സ്ഥാനംനേടാൻ അർഹതയുള്ളത്. റാങ്ക് പട്ടികകളിൽ സ്ഥാനംനേടാൻ, പട്ടികവിഭാഗക്കാർക്ക് ഈ മിനിമം മാർക്ക് വ്യവസ്ഥയില്ല.

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപ്പരീക്ഷയുടെ സ്‌കോർ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. cee.kerala.gov.in എന്ന വെബ്സൈറ്റിൽ സ്‌കോർ പരിശോധിക്കാം.