കൊച്ചി: സമൂഹത്തിൽ ശാസ്ത്രബോധവും സ്വതന്ത്രചിന്തയും വളർത്തുന്ന വ്യക്തിത്വങ്ങൾക്ക് എസ്സെൻസ് ഗ്ലോബൽ നൽകുന്ന, എസ്സെൻസ് പ്രൈസ് 2021, ഡോ കാന എം സുരേശനും, ആരിഫ് ഹുസൈൻ തെരുവത്തിനും. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ്, എറണാകുളം ടൗൺഹാളിൽ എസ്സൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ എസ്സ്യൻഷ്യ-21ൽവെച്ച് സമ്മാനിച്ചു. ഡോ കാന എം സുരേശനുള്ള അവാർഡ് എസ്സെൻസ് ഗ്ലോബൽ എസ്സൻസ് ഗ്ലോബൽ പ്രസിഡന്റ് ശ്രീലേഖ ചന്ദ്രശേഖറും, ആരിഫ് ഹുസൈനുള്ള അവാർഡ് എസ്സൻസ് ഗ്ലോബൽ സെക്രട്ടറി പ്രമോദ് എഴുമറ്റൂരും സമ്മാനിച്ചു.

ദാരിദ്ര്യത്തിൽ നിന്ന് പൊരുതിക്കയറിയ ഡോ സുരേശൻ

കേന്ദ്രസർക്കാരിന്റെ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐസർ തിരുവനന്തപുരത്തിലെ ശാസ്ത്രജ്ഞനാണ് ഡോ. കാന എം സുരേശൻ. ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയിലെ ഫെലോയും, ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ഫെലോയുമാണ്. ലോകപ്രസിദ്ധമായ ജേണലുകളിൽ നൂറോളം പ്രബന്ധം പ്രസിദ്ധീകരിച്ചു. ആറെണ്ണത്തിന് പേറ്റന്റ് കിട്ടി.

ക്ഷയരോഗത്തിലെ തന്നെ ഏറ്റവും അപകടകരമായ എംഡിആർ ടിബിക്കുള്ള മരുന്നായ പിഎ -824 ഉണ്ടാക്കിയിരുന്നത് വളരെ അപകടരമായ വഴിയിലൂടെയാണ്. ആറിലധികം ഘട്ടങ്ങളുള്ള ദീർഘവും ചെലവേറിയതുമായ വഴി. എന്നാൽ പിഎ -824 അപകടരഹിതവും ഹ്രസ്വവും ചെലവു കുറഞ്ഞതുമായ മാർഗത്തിലൂടെ നിർമ്മിക്കാമെന്ന് കണ്ടെത്തിയത് സുരേശനാണ്. പലവിധത്തിൽ കടലിൽ കലരുന്ന ക്രൂഡ് ഓയിൽ വേർതിരിച്ചെടുക്കാനുള്ള ഉപാധിയും ഇദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലെ പൊൻതൂവലാണ്. ക്രൂഡ് ഓയിൽ നീക്കുക മാത്രമല്ല, വേർതിരിച്ചെടുക്കുന്ന എണ്ണ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമായത് ലോകമാകെ അംഗീകരിച്ചു. അന്തരീക്ഷത്തിലെ ജലകണികകൾ ആഗിരണം ചെയ്ത് കുടിവെള്ളം ഉണ്ടാക്കുന്ന കണ്ടെത്തലിന് സുരേശന് പേറ്റന്റ് ലഭിച്ചു. ലോകത്താകെയുള്ള ശുദ്ധജലത്തിന്റെ ആറിരിട്ടി അന്തരീക്ഷത്തിൽ ജലകണികകളായുണ്ട് എന്നിരിക്കെ ഈ കണ്ടെത്തൽ ഭാവിയുടെ ഗതി നിശ്ചയിക്കുന്നതാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നൂറിലധികം അന്താരാഷ്ട്ര കോൺഫറൻസുകളിൽ പ്രസംഗിച്ചിട്ടുണ്ട്. ഗവേഷണ മികവിന് നിരവധി അംഗീകാരങ്ങൾ തേടിയെത്തി.2010ൽ രാമാനുജൻ പുരസ്‌കാരവും 2015ൽ അമേരിക്കയിലെ വൈഐഎം ബോസ്റ്റന്റെ യുവ ശാസ്ത്രജ്ഞൻ അവാർഡും ലഭിച്ചിട്ടുണ്ട്.കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എരമം സ്വദേശിയാണ്.

സുരേശൻ പിറന്ന് വൈകാതെ അച്ഛൻ വേർപിരിഞ്ഞു. ബീഡിത്തൊഴിലാളിയായ അമ്മയുടെ തുച്ഛവരുമാനത്തിൽ ബാല്യം. ജന്മനാ കാഴ്ചയ്ക്കും കേൾവിക്കും പ്രശ്നമുണ്ടായിരുന്ന അമ്മയുടെ വൈകല്യം കൂടി വന്നു.പഠനത്തിൽ മിടുക്കനായ സുരേശൻ മാത്തിൽ ഗവ. സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കവെ അമ്മയെ ക്ഷയരോഗവും പിടികൂടി. പിന്നീട് പരിയാരം ആശുപത്രിയിലെ ടിബി വാർഡിൽ. രക്തം ഛർദിക്കുന്നതടക്കമുള്ള അയൽബെഡ്ഡുകളിലെ കാഴ്ചകളിൽ അമ്മയെ നഷ്ടപ്പെട്ടേക്കുമെന്ന ഭയംകൂടി. അമ്മയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കണം, ചികിത്സിക്കാൻ പണം വേണം. കൂലിപ്പണിയല്ലാതെ മറ്റൊന്നും മുന്നിലില്ല. (അന്നത്തെ ആ എട്ടാംക്ലാസുകാരൻ ഇന്ന് അതേ രോഗത്തിന്റെ മരുന്നുൽപാദനത്തിലെ സങ്കീർണത നീക്കി ചെലവുകുറഞ്ഞതാക്കി. വൈദ്യലോകത്തിന്റെയാകെ പ്രശംസ നേടി)

അങ്ങനെ സുരേശൻ എരമം ഗ്രാമത്തിന്റെ 'ഉയരങ്ങൾ കീഴടക്കാൻ' തുടങ്ങി. ഏത് വലിയ കവുങ്ങും മരങ്ങളും കുഞ്ഞുസുരേശനു മുന്നിൽ തലകുനിച്ചു. ജീവിതത്തിലെ ഉയരങ്ങൾ കീഴടക്കാൻ ചെറുപ്പത്തിലേ കിട്ടിയ പ്രചോദനം. കാട് വെട്ടാനും പറമ്പ് കിളയ്ക്കാനും മുന്നിലെത്തി. ഇടയ്ക്ക് സ്‌കൂളിലും പോകേണ്ടതിനാൽ തുടർച്ചയായി പണിക്ക് പോകാനായില്ല, ആളുകൾ വിളിക്കാതെയായി. അതോടെ വെള്ളിയാഴ്ചകളിൽ പഠനം ഒഴിവാക്കി, അങ്ങനെവരുമ്പോൾ ശനിയും ഞായറുമടക്കം മൂന്ന് ദിവസം തുടർച്ചയായി പണികിട്ടും. പത്തും പതിമൂന്നും രൂപയുടെ കൂലി തന്നെ പ്രലോഭനം. സുരേശനെ മനസിലാക്കിയ, സ്നേഹം നിറഞ്ഞ അദ്ധ്യാപകർ കൂടെ നിന്നതോടെ ഹാജർ കടമ്പയും കടന്നു. പക്ഷേ 63 ശതമാനം മാർക്കിൽ പത്താംക്ലാസ് തൃപ്തിപ്പെടേണ്ടിവന്നു.

സയൻസ് മുഖ്യവിഷയമായി പഠിക്കാൻ ഈ മാർക്ക് പോര. അങ്ങനെ തൃക്കരിപ്പൂർ വിഎച്ച്എസ്ഇയിലേക്ക്. അവിടെ യൂണിഫോമിന് പാന്റ്‌സ് നിർബന്ധം. ആദ്യമായി ചെരുപ്പിട്ടതുപോലും അവിടംമുതലാണ്. റാങ്ക് ലക്ഷ്യംവച്ചായി പഠനം. അവസാന വർഷം ഫലം വന്നപ്പോൾ സംസ്ഥാനത്തുതന്നെ ഒന്നാമൻ. അന്ന് മന്ത്രി പി കെ കെ ബാവ സമ്മാനിച്ച സ്വർണമെഡലിൽ മുന്നോട്ടുവഴിതെളിഞ്ഞു. പഠനച്ചെലവിന് പണം കണ്ടെത്താൻ പലപ്പോഴും ഈ മെഡൽ ബാങ്കിൽ പണയംവെച്ചു.

ഫിസിക്‌സ് പഠിക്കാനായിരുന്നു ആഗ്രഹം. പക്ഷേ നല്ല ഡിപ്പാർട്ട്‌മെന്റ് കാഞ്ഞങ്ങാട് കോളേജിലാണ്. അത്രയും യാത്ര ചെലവ് താങ്ങാനാകില്ല. അപ്പോൾപിന്നെ പയ്യന്നൂർ കോളേജ് തന്നെ ശരണം. അവിടുത്തെ പ്രസിദ്ധമായ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിൽനിന്ന് നല്ല മാർക്കോടെ ബിരുദം. കണ്ണൂർ എസ്എൻ കോളേജിൽ എംഎസ്സിക്ക് ചേർന്നു. 50 കിലോമീറ്ററിലധികംയാത്ര ചെയ്യാൻ വയ്യ. മാങ്ങാട്ടെ ചെറിയമ്മയുടെ വീട്ടിലായി താമസം. എന്നാലും ശനിയും ഞായറും നാട്ടിലെത്തും, കൂലിപ്പണിക്കാരനാകും.

ഓർഗാനിക് കെമിസ്ട്രിയിൽ ഉപരിപഠനമായിരുന്നു സ്വപ്നം. പക്ഷേ സാമ്പത്തിക ബാധ്യത വലുതാണ്, ഒരു ജോലി വേണം. അതുകൊണ്ട് തലശ്ശേരി ബ്രണ്ണൻകോളേജിൽ ബിഎഡിന് ചേർന്നു. കോളേജിലെ യൂണിയൻ ചെയർമാനുമായി. വിവരങ്ങളൊക്കെ അറിഞ്ഞ പ്രിൻസിപ്പൽ ഒരാഴ്ച ലീവെടുത്ത് ജെആർഎഫോ ഗേറ്റ് എൻട്രൻസോ എഴുതാൻ ആവശ്യപ്പെട്ടു. അങ്ങനെതന്നെ ചെയ്തു, രണ്ടും പാസായി.

എല്ലാ പ്രതിസന്ധിഘട്ടത്തിലും ഉപദേശം തേടാറുള്ള പ്രസന്നൻ എന്ന അദ്ധ്യാപകനാണ് പുണെ നാഷണൽ കെമിക്കൽ ലബോറട്ടറി എന്ന നിർദ്ദേശം വച്ചത്. അവിടെ നാലര വർഷം ഗവേഷണം. അന്നവതരിപ്പിച്ച പ്രബന്ധങ്ങൾക്കുള്ള അംഗീകാരമെന്നോണം 2002ൽ ജപ്പാനിലെ എഹിമേ സർവകലാശാലയിൽ നിന്ന് ജെഎസ്‌പിഎസ് ഫെലോഷിപ്പ് കിട്ടി. ''ജപ്പാനിൽ വകുപ്പുമേധാവി എത്തുംമുമ്പേ വിദ്യാർത്ഥികൾ ഓഫീസിലെത്തണം. അദ്ദേഹം മടങ്ങിയാലേ വിദ്യാർത്ഥികൾ മടങ്ങാവൂ എന്നാണ് അലിഖിത നിയമം! താമസസ്ഥലത്തുനിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് ഓഫീസ്. സൈക്കിളോടിച്ച് സമയത്തെത്താൻ പ്രയാസം. ഒടുവിൽ കൃത്യമായി ചുമതലകൾ നിർവഹിക്കാമെന്ന ഉറപ്പിൽ മേധാവി യുട്ടാക വാട്ടാനബെ ഇളവുനൽകി. അതിനുഫലമുണ്ടായി. യുട്ടാക തന്റെ ദീർഘമായ സർവീസിനിടെ തയ്യാറാക്കിയതിനേക്കാൾ കൂടുതൽ, 18 പ്രബന്ധങ്ങൾ രണ്ട് വർഷത്തിനിടെ അവതരിപ്പിച്ചതോടെ സുരേശൻ ഗുരുവിന്റെ പ്രിയപ്പെട്ടവനായി.

ജപ്പാനിൽ യുട്ടാക സംഘടിപ്പിച്ച അന്താരാഷ്ട്ര സിമ്പോസിയത്തിൽ പങ്കെടുക്കാനെത്തിയ യൂണിവേഴ്‌സിറ്റി ഓഫ് ബാത്തിലെ പ്രൊഫ. ബാരി പോട്ടർക്ക് സുരേശനിൽ വലിയ മതിപ്പായി. ബ്രിട്ടണിലെ തന്റെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. എന്നാൽ സുരേശൻ ജപ്പാനിൽ തുടർന്നു. ഒരു ക്രിസ്മസിന് ബാരി പോട്ടറുടെ ആശംസാകാർഡെത്തി. ഒപ്പമുണ്ടായിരുന്ന കത്തിൽ ക്ഷണം ആവർത്തിച്ചു. അങ്ങനെ യുകെയിലെത്തി. മെഡിസിനൽ കെമിസ്ട്രിയിലായി ഗവേഷണം. 2006ൽ അലക്‌സാണ്ടർ വോൺ ഹംമ്പോൾട്ട് ഫെലോഷിപ്പ് നൽകി ജർമനി സുരേശനെ ആദരിച്ചു. തുടർന്ന് ജർമനിയിലെതന്നെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മോളിക്യുലാർ ഫിസിയോളജിയിൽ ഗവേഷണം. രണ്ട് വർഷത്തിനുശേഷം ഇന്ത്യയിലേക്ക്, ഹൈദരാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സീനിയർ സയന്റിസ്റ്റ്. ഗവേഷണത്തോടൊപ്പം അദ്ധ്യാപനവും എന്ന ലക്ഷ്യത്തോടെ പിന്നീട് തിരുവനന്തപുരത്തെ ഐസറിൽ. രാജ്യത്തെ ഏഴ് ഐസറുകളിലൊന്നായ തിരുവനന്തപുരത്ത് ഇൻഫ്രാസ്ട്രക്ചർ ആൻഡ് പ്ലാനിങ് വിഭാഗം ഡീൻ ആണ് സുരേശനിപ്പോൾ.

ആരിഫ് എക്സ് മുസ്ലിം കം എക്സ് ഹോമിയോ!

കഴിഞ്ഞ ഏതാനും വർഷങ്ങളായി ശാസ്ത്ര- സ്വതന്ത്രചിന്താമേഖയലിലെ നിറ സാന്നിധ്യമാണ് തൃശൂർ സ്വദേശിയായ ആരിഫ് ഹുസൈൻ തെരുവത്ത്. നേരത്തെ കടുത്ത മത വിശ്വാസിയായ ഇദ്ദേഹം ഹോമിയോ ഡോക്ടറും ആയിരുന്നു. ആദ്യകാലത്ത് ഇസ്ലാമിനും ഹോമിയോപ്പതിക്കും എതിരെ വിമർശനം ഉയരുമ്പോൾ താനും അതിരൂക്ഷമായാണ് വിമർശിച്ചിരുന്നത് എന്ന് അദ്ദേഹം പിന്നീട് എഴുതുകയുണ്ടായി. ഹോമിയോപ്പതി അശാസ്ത്രീയമാണെന്ന് ബോധ്യപ്പെട്ടതോടെ ആരിഫളം, ബി.എച്ച്.എം.എസ് ബിരുദം വഴി തനിക്ക് കിട്ടിയ ഡോക്ടർ പദവിയും വേണ്ടെന്നും വെച്ചു. ഇപ്പോൾ തന്റെ പേരിന്റെ മുന്നിൽപോലും അദ്ദേഹം ഡോക്ര് എന്ന് ഉപയോഗിക്കാറില്ല. ഹോമിയോയിലെ നേർപ്പിക്കൽ സിദ്ധാന്തം അടക്കമുള്ള വസ്തുതാവിരുദ്ധമായ ആശയങ്ങളെ നിരന്തരം ചോദ്യം ചെയ്യാൻ ആരിഫ് തയ്യാറായി. ഈയിടെ കേരള സർക്കാറിന്റെ നേതൃത്വത്തിൽ കോവിഡിന് പ്രതിവിധിയെന്നോണം ആർസെനിക്ക് അൽബം മരുന്നുകൾ വിതരണം ചെയ്തപ്പോൾ അതിനെതിരെ ശക്തമായി ആരിഫ് രംഗത്തെത്തി.

അതുപോലെ തന്നെ ഒരുകാലത്ത് യുക്തവാദികളും ഇസ്ലാമിസ്റ്റുകളുമായി നടക്കുന്ന സംവാദങ്ങളിൽ ശക്തമായി ഇസ്ലാമിക പക്ഷത്ത്നിന്ന് വ്യക്തിയാണ് ആരിഫ്. എന്നാൽ പിൽക്കാലത്ത്, പൊള്ളത്തരങ്ങൾ തിരിച്ചറിഞ്ഞ് അദ്ദേഹം ഇസ്ലാം ഉപേക്ഷി ച്ചു. ഇന്ന് കേരളത്തിലെ എക്സ് മുസ്ലിം മൂവ്മെന്റിന്റെ ശക്തനായ വക്താവാണ് അദ്ദേഹം. സംഘടനയുടെ സ്ഥാപക എക്സിക്യൂട്ടീവ് അംഗവുമാണ്. ഇസ്ലാം ഉപേക്ഷിക്കുകയും പരസ്യമായ മതവിമർശനം നടത്തുകയും ചെയ്തതോടെ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന ഒരു വിഭാഗംതന്നെ പലതരത്തിലുള്ള ഭീഷണിയുമായി രംഗത്ത് എത്തിയെങ്കിലും ആരിഫ തന്റെ നിലപാടുകൾ ഉറച്ചു നിന്നു.

ആരിഫ് ഹുസൈനെ പറ്റി സ്വതന്ത്രചിന്തകയും എഴുത്തുകാരിയുമായ മനൂജാ മൈ;്രി ഇങ്ങനെ എഴുതുന്നു. ''നിലവിൽ ഈ അവാർഡ് ആരിഫ് ഡോക്ടറോളം അർഹിക്കുന്ന ആെരുമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ശാസ്ത്രം പഠിക്കുകയും, ശാസ്ത്രീയ മനോഭാവം ജീവിതത്തിൽ പ്രാവർത്തികമാക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തണമെന്ന നിശ്ചയദാർഢ്യവുമുള്ള ഒരു മനുഷ്യൻ.ആ നിശ്ചദാർഢ്യത്തിന്റെ പേരിൽ വ്യക്തി ജീവിതത്തിലെ വരെ എത്രയോ സന്തോഷങ്ങൾ ഈ മനുഷ്യൻ ത്യജിച്ചിട്ടുണ്ട്. മതവും മതേതര അന്ധവിശ്വാസവും അടക്കം പലതിനോടും കോമ്പ്രമൈസ് ചെയ്തു ജീവിതത്തിൽ സത്യങ്ങൾക്ക് നേരെ കണ്ണടച്ചു ഇവിടെ ജീവിക്കുന്ന ആയിരങ്ങൾക്ക് ആരിഫിനെ മനസിലായെന്ന് വരില്ല.

മതം ഉപേക്ഷിക്കുന്നവർക്ക് പ്രതിസന്ധികൾ ധാരാളമാണ്, അപ്പോൾ പിന്നെ ഉപേക്ഷിച്ച മതത്തെ വിമർശിക്കുകയും മറ്റുള്ളവരെ ബോധവൽക്കരണം ചെയ്യുകയും കൂടിയാകുമ്പോൾ ആ പ്രതിസന്ധികളുടെ തീവ്രത വളരെ വലുതായിരിക്കും...''അവാർഡ് സ്വീകരിച്ചുകൊണ്ട് ഡോ ആരിഫ് ഹുസൈൻ നടത്തിയ മുറപടി ഇങ്ങനെയായിരുന്നു.- ''ശാസ്ത്രബോധവും ശാസ്ത്രീയ മനോവൃതിയും സമൂഹത്തിൽ ഉണ്ടാക്കുവാൻ ശ്രമിക്കുന്ന സമയത്ത് തലക്ക് ഭ്രാന്താണ്, ഓളമാണ് എന്ന് പറഞ്ഞു സുഹൃത്ത് ബന്ധവും കുടുംബ ബന്ധവും വരെ തകർക്കാൻ മടിക്കാതെ ഇരുന്നവർക്ക് ഈ അവാർഡ് ഞാൻ സമർപ്പിക്കന്നു''. എസ്സ്യൻഷ്യ-21ൽ ശാസ്ത്രത്തിന്റെ സത്യാന്വേഷണ മാർഗങ്ങൾ വിലയിരുത്തിക്കൊണ്ട് 'അതാണ് ശരി അതാണ്' എന്ന പ്രഭാഷണവും അദ്ദേഹം നടത്തി. ഇതിനും വലിയ സ്വീകര്യതയാണ് സദസ്സ്യരിൽ നിന്ന് ലഭിച്ചത്.