അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. നിലവിൽ 21 വരെയാണ് സർവീസ് നിർത്തിവച്ചിട്ടുള്ളത്. അത് പത്തു ദിവസം നീട്ടുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള സർവീസ് നിർത്തിവച്ചതും നീട്ടിയിട്ടുണ്ട്.

ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് ജൂലൈ 21 വരെ യുഎഇയിലേക്ക് വിമാന സർവീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചിട്ടുണ്ട്. എയർ ഇന്ത്യയും ജൂലൈ 21 വരെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

സർവീസുകൾ ആംരഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർ ട്വിറ്ററിൽ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകിയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ യാത്ര വിലക്ക് ഏർപ്പെടുത്തിയത്.