ലണ്ടൻ: യൂറോക്കപ്പിൽ അനി മൂന്ന് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അവസാന ഘട്ടത്തിലേക്ക് യൂറോകപ്പ് കടക്കുമ്പോഴും ചില കൗതുകകരമായ കാര്യങ്ങൾ നിലനില്ക്കുന്നുണ്ട് താനും. ഇത്തവണത്തെ യൂറോ കപ്പ് ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള ഗോൾഡൻ ബൂട്ട് ആരു സ്വന്തമാക്കും എന്നതാണ് ഈ ചോദ്യം. ഇതിനുള്ള മറുപടികളാണ് ഏറെ രസകരം. 'സെൽഫ് ഗോളുകൾ. സുവർണ പാദുകം മറ്റാരും കൊണ്ടുപോകില്ല എന്നാണ് ചിലരുടെ പക്ഷം.

'യൂറോ കപ്പ് ചരിത്രത്തിൽ 1960 മുതൽ 2016 വരെ ആകെ 9 സെൽഫ് ഗോളുകളേ ഉണ്ടായിട്ടുള്ളൂ. പക്ഷേ, ഇത്തവണ ക്വാർട്ടർ അവസാനിക്കുമ്പോൾ ആകെ സെൽഫ് ഗോളുകളുടെ എണ്ണം 10. സെൽഫ് ഗോളുകൾ ഇത്രയധികം പെരുകാൻ കാരണം എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിന് കോവിഡ് പോലും പഴി കേൾക്കേണ്ടി വരുന്നുമുണ്ട്.

നിസ്സാര പിഴവുകളാണു പലപ്പോഴും സെൽഫ് ഗോളിലേക്കു നയിക്കുന്നത്. ക്രൊയേഷ്യയ്‌ക്കെതിരെ പ്രീ ക്വാർട്ടറിൽ സ്‌പെയിൻ ഗോൾകീപ്പർ ഉനായി സിമോണിനു പിഴച്ചത് ഉദാഹരണം. കോവിഡ് മൂലം സീസൺ നീണ്ടുപോയതോടെ തളർന്നുപോയ ഡിഫൻഡർമാരും ഗോളിമാരും സെൽഫ് ഗോൾ വഴങ്ങുന്നുവെന്നാണ് ഒരു സിദ്ധാന്തം.

മുൻപ്, ഗോളിലേക്കുള്ള ഒരു ഷോട്ട് എതിർതാരത്തിന്റെ കാലിലോ ദേഹത്തോ കൊണ്ട് ദിശമാറി പോസ്റ്റിൽ കയറിയാലും അടിച്ചയാളുടെ പേരിൽ ഗോൾ രേഖപ്പെടുത്തുമായിരുന്നു. ആരുടെ ദേഹത്തു തട്ടിയാണോ പന്ത് പോസ്റ്റിൽ കയറുന്നത്, ആ താരത്തിന്റെ പേരിൽ സെൽഫ് ഗോൾ രേഖപ്പെടുത്തുന്നാണ് ഇപ്പോഴത്തെ രീതി.

അതേസമയം ഈ യൂറോ കപ്പിൽ സെൽഫ് ഗോൾ വഴങ്ങിയിട്ടും ജയിക്കാൻ കഴിഞ്ഞതു സ്‌പെയിനു മാത്രമാണ്. ക്രൊയേഷ്യയ്‌ക്കെതിരെ പെദ്രിയുടെ സെൽഫ് ഗോളിൽ അവർ പിന്നിലായെങ്കിലും എക്‌സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ 53ന് അവർ ജയിച്ചു. സെൽഫ് ഗോൾ വഴങ്ങിയ മറ്റു ടീമുകളെല്ലാം തോറ്റു.