ആംസ്റ്റർഡാം: യൂറോ കപ്പ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് വെയ്ൽസ്- ഡെന്മാർക്ക് മത്സരത്തോടെ തുടക്കം. രാത്രി 9.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ജയവുമായാണ് ഇരുടീമും നേർക്കുനേർ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിൽ തോറ്റിട്ടും അവസാന പതിനാറിലെത്തിയ ടീമാണ് ഡെന്മാർക്ക്. അവസാന മത്സരത്തിൽ റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഡെന്മാർക്ക് തകർത്തത് ഡെന്മാർക്കിന് തുണയായി. ഗ്രൂപ്പ് എയിൽ ഒരോ ജയവും സമനിലയും നേടിയാണ് വെയ്ൽസ് എത്തുന്നത്.

സൂപ്പർതാരം ക്രിസ്റ്റ്യൻ എറിക്സന് പകരംവയ്ക്കാൻ ആളില്ല ഡെന്മാർക്കിന്. ജീവന്മരണ പോരാട്ടത്തിൽ കോച്ച് കാസ്പറിനെ ആശങ്കയിലാക്കുന്നതും ഇത് തന്നെ. അവസാനമത്സരത്തിൽ റഷ്യയെ തകർത്ത പോരാട്ട വീര്യം ആരാധകരെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു. റഷ്യയെ തകർത്ത ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. അവസാന മത്സരത്തിൽ ഇറ്റലിയോട് തോറ്റെങ്കിലും സാഹചര്യത്തിനൊത്ത് ഉയരാൻ തന്റെ നിരയ്ക്കാകുമെന്നാണ് വെയിൽസ് കോച്ച് റോബ് പേജ് കരുതുന്നത്.

നായകൻ ഗാരത് ബെയിലിന്റെ ചുമലിൽ പ്രതീക്ഷകളുടെ അമിതഭാരമുണ്ട്. അവസാന മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ ഏദൻ അംപാഡു ടീമിലുണ്ടാവില്ല. ടീമിൽ കാര്യമായ അഴിച്ചുപണിക്ക് സാധ്യത. 4-5-1 എന്ന രീതിയിൽ ശക്തമായ പ്രതിരോധനിരയുമായാകും വെയിൽസിറങ്ങുക. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളെങ്കിലും ഡെന്മാർക്കിനെതിരെ കണക്കിൽ ആധിപത്യമില്ല വെയിൽസിന്. നേർക്കുനേർ ഏറ്റുമുട്ടിയ കഴിഞ്ഞ 10 കളികളിൽ ആറിലും ജയം ഡെന്മാർക്കിനൊപ്പമായിരുന്നു. 4 തവണ വെയിൽസും വിജയമറിഞ്ഞു

രണ്ടാം മത്സരത്തിൽ ഇറ്റലി ഇന്ന് ഓസ്ട്രിയയെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിൽ രാത്രി 12.30നാണ് മത്സരം. ആദ്യമായി നോക്കൗട്ട് റൗണ്ടിന് യോഗ്യത നേടിയ ടീമാണ് ഓസ്ട്രിയ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയിലടക്കം അവസാന പതിനൊന്നിലും ജയവുമയിട്ടാണ് അസൂറിപ്പട വരുന്നത്. യൂറോയിൽ ഇതുവരെ ഏഴുഗോളടിച്ചാണ് കുതിപ്പ്. ഒറ്റഗോൾ വഴങ്ങിയിട്ടുമില്ല.

പൈതൃകമായി കിട്ടിയ പ്രതിരോധ പാഠങ്ങൾക്കൊപ്പം ആക്രമണത്തിന്റെയും മൂർച്ചകൂട്ടിയാണ് ഇറ്റാലിയുവടെ വരവ്. റോബർട്ടോ മാൻചീനിയുടെ ടീം തോൽവി അറിഞ്ഞിട്ട് നാളുകളേറെയായി. ഗോളടിക്കാൻ ഇമ്മോബൈലും ബെറാർഡിയും ഇൻസൈനും. കളിമെനയാൻ വെറാറ്റിയും ലൂകാടെല്ലിയും ജോർജീഞ്ഞോയും ബരെല്ലയും. പോസ്റ്റിന് മുന്നിൽ അടുത്തകാലത്തൊന്നും ഗോൾവഴങ്ങാത്ത ഡോണറുമ. പ്രതിരോധത്തിൽ കടുകിട പിഴയ്ക്കാത്ത ലോറൻസോയും ബൊനൂച്ചിയും കെല്ലിനിയും ഫ്ളൊറെൻസിയും.

ഡേവിഡ് അലാബയുടെ ഓസ്ട്രിയയ്ക്ക് ആശ്വസിക്കാൻ ഒന്നുമില്ല. ഇറ്റലിയെ വീഴ്‌ത്തണമെങ്കിൽ അത്ഭുതങ്ങൾ പുറത്തെടുക്കണം. 1960ന് ശേഷം ഓസ്ട്രിക്ക് ഇറ്റലിയെ മറികടക്കാനായിട്ടില്ല. നേർക്കുനേർ വന്നത് 35 കളിയിൽ. ഇറ്റലി പതിനാറിലും ഓസ്ട്രിയ 11ലും ജയിച്ചു. എട്ട് കളി സമനിലയിൽ. ഒടുവിൽ ഏറ്റുമുട്ടിയ 2008ലെ സൗഹൃദമത്സരം രണ്ടുഗോൾ വീതം നേടി ഒപ്പത്തിനൊപ്പം.