സെവിയ്യ: സ്‌പെയിൻ പരിശീലകൻ ലൂയി എന്റിക്വെയുടെ പ്രശസ്തമായ 'പന്തവകാശക്കളി' വീണ്ടും പൊളിഞ്ഞു. കളിയുടെ മുക്കാൽ പങ്കുനേരത്തും ബോൾ പൊസഷൻ (പന്തവകാശം) ഉണ്ടായിരുന്നിട്ടും സ്‌പെയിനു പോളണ്ടിനോടു സമനില വഴങ്ങേണ്ടി വന്നു. തുടർച്ചായ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയതോടെ മുൻ ചാമ്പ്യന്മാരുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷകളും അനിശ്ചിതത്വത്തിലായി.ലഭിച്ച സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയതും ജെറാർഡ് മൊറീനോയുടെ പെനാറ്റി നഷ്ടവുമാണ് സ്പെയ്നിന് തിരിച്ചടിയായത്.

ഇത്തവണയും ഫിനിഷിങ്ങിലെ പോരായ്മ തന്നെയാണ് സ്‌പെയിനിന്റെ വില്ലൻ. പന്ത് കൈവശം വെക്കുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കാണിക്കുന്ന മിടുക്ക് പക്ഷെ അവർക്ക് ഫിനിഷിങ്ങിൽ ഇല്ലാതെ പോകുന്നു.ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ സ്പാനിഷ് നിര 25-ാം മിനിറ്റിൽ ആൽവാരോ മൊറാട്ടയിലൂടെയാണ് മുന്നിലെത്തിയത്. ജെറാർഡ് മൊറീനോ നൽകിയ പാസിൽ നിന്നായിരുന്നു മൊറാട്ടയുടെ ഗോൾ. വാർ പരിശോധിച്ച ശേഷമാണ് റഫറി ഗോൾ അനുവദിച്ചത്.

54-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്‌കിയിലൂടെ പോളണ്ട് ഗോൾ മടക്കി. കാമിൽ ജോസ്വിയാക്കിന്റെ ക്രോസ് ലെവൻഡോസ്‌കി ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ ലീഡെടുക്കാനുള്ള അവസരം 58-ാം മിനിറ്റിൽ ജെറാർഡ് മൊറീനോ നഷ്ടപ്പെടുത്തി. മൊറീനോയെ യാക്കുബ് മോഡർ വീഴ്‌ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. പക്ഷേ കിക്കെടുത്ത മൊറീനോയ്ക്ക് പിഴച്ചു. പന്ത് പോസ്റ്റിൽ തട്ടി തെറിച്ചു. പോസ്റ്റിൽത്തട്ടി തിരിച്ചുവന്ന പന്ത് മൊറാട്ട അടിച്ചു പുറത്തേക്കു കളയുക കൂടി ചെയ്തതോടെ സ്‌പെയിന്റെ ദുർവിധി പൂർണം.

43-ാം മിനിറ്റിലാണ് പോളണ്ടിന് മത്സരത്തിലെ സുവർണാവസരം ലഭിച്ചത്. സ്വിഡെർസ്‌കിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. റീബൗണ്ട് വന്ന പന്ത് പിടിച്ചെടുത്ത് ലെവൻഡോസ്‌കിയുടെ ഷോട്ട് സ്പെയ്ൻ ഗോളി ഉനായ് സിമൺ തടയുകയും ചെയ്തു. സ്വീഡനെതിരെ ഗോളടിക്കാതിരുന്ന ലെവൻഡോവ്‌സ്‌കിക്ക് ഇന്നലെ ലക്ഷ്യം കാണാൻ കഴിഞ്ഞതിൽ പോളണ്ടിനു സന്തോഷിക്കാം. യുവന്റസിന്റെ ഗോളിയായ വോയിചെക് സ്റ്റെൻസിയുടെ മികച്ച സേവുകളും പോളണ്ടിനു തുണയായി.

2 കളിയിൽ 2 പോയിന്റുമായി ഗ്രൂപ്പ് ഇയിൽ 3ാംസ്ഥാനത്താണു സ്‌പെയിൻ. സ്വീഡൻ (4), സ്ലൊവാക്യ (3) എന്നിവർ ആദ്യ 2 സ്ഥാനങ്ങളിലുള്ള ഗ്രൂപ്പിൽ സ്‌പെയിനിന്റെ അടുത്ത മത്സരം 23ന് സ്ലൊവാക്യയ്‌ക്കെതിരെയാണ്. ജയിച്ചാൽ സ്‌പെയിനു നോക്കൗട്ടിലെത്താം.