ന്യൂഡൽഹി: സ്വന്തം പേരിനൊപ്പം അമ്മയുടെ പേരു ചേർക്കാൻ എല്ലാ കുട്ടികൾക്കും അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. പിതാവിന്റെ പേരു മാത്രമേ കുട്ടിയുടെ പേരിനൊപ്പം ചേർക്കാൻ പാടുള്ളൂ എന്നു നിർബന്ധിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
പെൺകുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരിന് പകരം തന്റെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ് നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് രേഖ പള്ളിയുടെ പരാമർശം.

തന്റെ പേരു മാത്രമേ കുട്ടിയുടെ പേരിനൊപ്പം ചേർക്കാവൂ എന്നു അച്ഛന് നിർബന്ധിക്കാനാകില്ല. അമ്മയുടെ പേരിനൊപ്പം പെൺകുട്ടി സന്തോഷവതിയാണെങ്കിൽ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു.അതേസമയം, കുട്ടിക്ക് പ്രായപൂർത്തിയാകാത്ത പശ്ചാത്തലത്തിൽ സ്വന്തം തീരുമാന പ്രകാരം പേരു മാറ്റാൻ കഴിയില്ലെന്നും ഹർജിക്കാരനുമായി അകന്നു കഴിയുന്ന ഭാര്യയാണ് പേരു മാറ്റിയതെന്നും അഭിഭാഷകൻ വാദിച്ചു.

പേര് മാറിയതിനാൽ ഇൻഷുറൻസ് തുക ലഭിക്കാൻ ബുദ്ധിമുട്ടുന്നെന്നറിയിച്ചാണ് പിതാവ് കോടതിയെ സമീപിച്ചത്. എന്നാൽ ഇതിനായി സ്‌കൂളിനെ സമീപിക്കാൻ കോടതി നിർദേശിച്ചു.