തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എല്ലാ സെമസ്റ്ററുകളിലെയും സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ ഒൻപതിന് ആരംഭിക്കും. കാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി ലഭിച്ചവർക്കും ഉന്നതപഠനത്തിന് പ്രവേശനം നേടിയവർക്കും അവസരങ്ങൾ നഷ്ടമാകാതിരിക്കാനാണ് പരീക്ഷകൾ ഉടൻ നടത്തുന്നത്. അതേസമയം, കോവിഡ് വ്യാപനകാലത്ത് പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ. അതേസമയം, കുസാറ്റ് ഓൺലൈനായാണ് പരീക്ഷ നടത്തിയതെന്നും ഈ രീതി പിന്തുടരണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ യാത്രാബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സർവകലാശാല വളരെ നേരത്തേ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചിരുന്നു. വീടിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഈ പരീക്ഷയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇതിനുശേഷം ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താം.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികൾക്കുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ സർവകലാശാല ഉടൻ പുറത്തിറക്കും. ഓഗസ്റ്റിൽ നടത്തിയ അവസാന സെമസ്റ്റർ പരീക്ഷകളുടെ ഫലം സെപ്റ്റംബർ 20-ന് മുൻപ് പ്രഖ്യാപിക്കാൻ ശ്രമിക്കുന്നതായി വി സി. അറിയിച്ചു.