കോഴിക്കോട്: മഴവിൽ മനോരമ ചാനലിലെ കോമഡി പരിപാടിയായ മിമിക്രി മഹാമേളക്കും പരിപാടിയിലെ ജഡ്ജിയായ സുരാജ് വെഞ്ഞാറുമൂടിനുമെതിരെ പരാതിയുമായി സംവിധായകനും നടനുമായി സന്തോഷ് പണ്ഡിറ്റ്. പരിപാടിയിൽ തന്നെ മനപ്പൂർവ്വം അവഹേളിക്കാൻ ശ്രമിച്ചു എന്ന ആരോപണമാണ് സന്തോഷ് പണ്ഡിറ്റ് ഉന്നയിച്ചത്. പരിപാടിയുടെ ഭാഗമായുള്ള ഒരു കോമഡി സ്‌കിറ്റിൽ തന്നെ അനുകരിച്ചു കൊണ്ട് ഒരു ടീം രംഗത്തുവന്നതാണ് പണ്ഡിറ്റിനെ ചൊടിപ്പിച്ചത്.

സന്തോഷ് പണ്ഡിറ്റിന്റെ പേരിൽ ഒരു മിമിക്രി കലാകാരനെ കെട്ടിയിറക്കുകയും തിരക്കുള്ള നടനും സംവിധായകനുമാണെന്ന് പറഞ്ഞു കൊണ്ട് തന്റെ പാട്ട് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് പണ്ഡിറ്റിന്റെ പരാതി. രാധികമാരുടെ കള്ളക്കണ്ണൻ എന്ന പാട്ടിന്റെ അകമ്പടിയോടെ എത്തുന്ന സന്തോഷ് പണ്ഡിറ്റിനെ പോലുള്ള ആൾ തുടർന്നങ്ങോട്ട് തന്നെ അവഹേളിക്കുകയാണെന്നാണ് പണ്ഡിറ്റ് പറയുന്നത്. തന്റെ മോശക്കാരനാക്കാൻ ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് ഇതെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യത്തിൽ ചേർത്തല മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

സുരാജ് വെഞ്ഞാറമൂട് തന്നെ അവഹേളിക്കാൻവേണ്ടി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് പണ്ഡിറ്റ് പരാതിപ്പെടുന്നത്. തന്റെ പേര് എടുത്തു പറഞ്ഞു കൊണ്ട് അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നത്. ഷോയിൽ തന്റെ അനുകരിച്ച കിരൺ ക്രിസ്റ്റിഫറിനെ താൻ കണ്ടു പഠിക്കണമെന്ന് ജഡ്ജിയായ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. അത് തന്നെ അവഹേളിക്കലാണ്. കൂടാതെ അഞ്ചിൽ അഞ്ച് മാർക്ക് കൊടുത്തു. മൂന്ന് സിനിമകളിൽ അവസരം കൊടുക്കുമെന്നും പറഞ്ഞു. ഒരു സിനിമ പോലും സംവിധാനം ചെയ്യാത്ത സുരാജ് വെഞ്ഞാറംമൂടാണ് അവസരം നൽകിയത്.

തന്നെ അപമാനിച്ചു എന്നു പറഞ്ഞ് 15 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചാനലും സുരാജ് വെഞ്ഞാറംമൂടും ഇക്കാര്യത്തിൽ മറുപടി നൽകിയില്ലെന്നും പണ്ഡിറ്റ് പറഞ്ഞു. എന്റെ പാട്ടും കോസ്റ്റൂമും അടക്കം ഉപയോഗിച്ചുവെന്നു പണ്ഡിറ്റ് പറഞ്ഞു. ഷോയിൽ ഇന്ത്യൻ കറൻസി ചൂതാട്ടത്തിന് ഉപയോഗിച്ചുവെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. ഇത് തെറ്റാണെന്ന് ഇക്കാര്യത്തിലും താൻ കേസ് ഫയൽ ചെയ്യുമെന്നുമാണ് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നത്.

മിമിക്രി മഹാമേളയിൽ കൊല്ലം ശാസ്തംകോട്ട സ്വദേശിയായ കിരൺ ക്രിസ്റ്റഫറാണ് സന്തോഷ് പണ്ഡിറ്റിനെ അനുകരിച്ചത്. അദ്ധ്യാപകനായ കിരൺ കേരളാ യൂണിവേഴ്‌സിറ്റിയിലെ മിമിക്രി വിന്നർ കൂടിയായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ ഇതുവരെ കണ്ടിട്ടില്ലെന്നും ജീവിതത്തിൽ ആദ്യമായി അനുകരിക്കുന്നതെന്നും അദ്ദേഹം ഷോയിൽ പറഞ്ഞിരുന്നു. സന്തോഷ് മാസ്റ്റർ പീസിൽ അഭിനയിച്ച കാര്യം അടക്കം അനുകരിച്ചിരുന്നു. ബാഹുബലിയേക്കാൾ മികച്ചത് തന്റെ സിനിമയാണെന്നും അടക്കം പറഞ്ഞു കൊണ്ടാണ് പണ്ഡിറ്റിനെ അനുകരിക്കുന്നത്.

തന്നെ അവഹേളിച്ചു എന്നതിന് പുറമേ അനുകരണ കോമഡികൾ ചാനലുകൾക്ക് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുമെന്നുമാണ് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കിയത്. എന്തായാലും തന്നെ അവഹേളിച്ചവരെ ശിക്ഷിക്കും വരെ നിയമപോരാട്ടം നടത്തുമെന്നാണ് പണ്ഡിറ്റ് പറയുന്നത്.