ന്യൂഡൽഹി: വോട്ടെണ്ണലിന് മൂന്നുദിവസം മാത്രം ബാക്കി നിൽക്കെ പശ്ചിമബംഗാൾ, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേക്കും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു. റിപ്പബ്ലിക്- സി എൻ എക്‌സ് എക്‌സിറ്റ് പോൾ ഫലത്തിൽ മാത്രം പശ്ചിമബംഗാളിൽ ബിജെപിക്ക് നേരിയ മുൻതൂക്കമാണ് പ്രവചിക്കുന്നത്. അതേസമയം മറ്റ് എക്‌സിറ്റ് പോൾ ഫലങ്ങൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു.

പശ്ചിമ ബംഗാളിൽ 138 മുതൽ 148 സീറ്റുവരെ നേടി ബിജെപി സഖ്യം അധികാരത്തിൽ വരുമെന്ന് സി എൻ എക്‌സ് - റിപ്പബ്ലിക് എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. തൃണമൂൽ സഖ്യം 128 മുതൽ 138 സീറ്റുവരെ നേടും. ഇടതു സഖ്യം 11- 21 മുതൽ സീറ്റു നേടുമെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു. പുതുച്ചേരിയിൽ 16-20 വരൈ സീറ്റുനേടി എൻഡിഎ സഖ്യം അധികാരം പിടിക്കും. കോൺഗ്രസ് സഖ്യം 11-13 വരെ സീറ്റുകളിൽ ഒതുങ്ങും. അസമിൽ എൻഡിഎ സഖ്യത്തിന് 74-84 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കോൺഗ്രസ് സഖ്യം 40-50വരെ സീറ്റ് നേടും. മറ്റുള്ളവർ 1-3വരെ സീറ്റ് നേടും. തമിഴ്‌നാട്ടിൽ ഡിഎംകെ 160-170 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. നിലവിലെ ഭരണകക്ഷിയായ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 58-68വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. എഎംഎംകെ 406വരെ സീറ്റുകൾ പിടിക്കാം.

ജൻ കി ബാത്ത് എക്‌സിറ്റ് പോൾഫലം

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 162 -185 സീറ്റുകൾ പ്രവചിച്ച് ജൻ കി ബാത്ത് എക്‌സിറ്റ് പോൾ ഫലം. ബിജെപിക്ക് 104 മുതൽ 121 വരെ സീറ്റുകൾ ലഭിച്ചേക്കാം. ഇടതു സഖ്യത്തിൽ 3-9 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്.

ഇടിജി റിസർച്ച് എക്‌സിറ്റ് പോൾ ഫലം

പശ്ചിമ ബംഗാളിൽ 164 മുതൽ 176 സീറ്റുകൾ നേടി മമത ബാനർജി അധികാരം നിലനിർത്തുമെന്നാണ് ഇടിജി റിസർച്ച് ഫലം. ബിജെപി 105-115 വരെ സീറ്റുകൾ നേടും. ഇടതു സംഖ്യത്തിന് 10-15 വരെ സീറ്റുകളും മറ്റുള്ളവർക്ക് 0-1 വരെ സീറ്റുകളും എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.

എബിപി- സി വോട്ടർ ഫലം

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് എബിപി സി വോട്ടർ എക്‌സിറ്റ് പോൾ പറയുന്നു. തൃണമൂലിന് 152 മുതൽ 164 വരെ സീറ്റുകൾ ലഭിക്കും. ബിജെപി സഖ്യം 109-121 വരെ സീറ്റുകൾ നേടിയേക്കാം. ഇടതു സഖ്യം 14 മുതൽ 25വരെ സീറ്റുകളിൽ ജയിച്ചേക്കാമെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു.

ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ ഫലം

പശ്ചിമ ബംഗാളിൽ ആകെയുള്ള 293 സീറ്റുകളിൽ 158 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. ബിജെപി സഖ്യം 119 സീറ്റുകൾ നേടും. ഇടതു സഖ്യം 19 സീറ്റുകൾ വരെ നേടിയേക്കാമെന്നും ഫലം പ്രവചിക്കുന്നു

തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരത്തിൽ വരുമെന്നാണ് എൻ.ഡി.ടിവി എക്സിറ്റ് പോൾ പ്രവചനം. ഡി.എം.കെയും സഖ്യവും 171 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. എ.ഐ.എ.ഡി.എം.കെയ്ക്കും സഖ്യത്തിനും 56 സീറ്റുകളാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ടി.ടി.വി ദിനകരന്റെ എ.എം.എം.കെ രണ്ട് സീറ്റുകളിൽ വിജയിച്ചേക്കുമെന്നും എക്സിറ്റ് പോൾ പറയുന്നു.234 നിയമസഭാ സീറ്റുകളിലേക്കാണ് തമിഴ്‌നാട്ടിൽ മത്സരം നടന്നത്..

അസമിൽ ബിജെപി അധികാരത്തിലെത്തിയേക്കുമെന്ന് ഇന്ത്യ ടുഡെ ആക്‌സിസ് മൈഇന്ത്യ പോൾ സർവ്വേഫലം. ഇവിടെ ബിജെപി 75-85 വരെ സീറ്റ് നേടും. കോൺഗ്രസ് സഖ്യത്തിന് 40-50 വരെ കിട്ടിയേക്കുമെന്നും സർവ്വേഫലം പറയുന്നു. ആകെ 126 മണ്ഡലങ്ങളാണ് അസമിലുള്ളത്.

പുതുച്ചേരിയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 16 മുതൽ 20 സീറ്റ് വരെ നേടി വിജയിക്കുമെന്ന് റിപ്പബ്ലിക്-സിഎൻഎക്‌സ് വോട്ടർ സർവേ പ്രവചിക്കുന്നു. 30 സീറ്റാണ് പുതുച്ചേരിയിൽ. കോൺഗ്രസ് നയിക്കുന്ന എസ്ഡിഎ 11-13 സീറ്റ് നേടും. 16 സീറ്റാണ് ഭൂരിപക്ഷം വേണ്ടത്.

റിപ്പബ്ലിക്-സിഎൻഎക്‌സ്

എൻഡിഎ-16-20
എസ്ഡിഎ-11-13
മറ്റുള്ളവർ-0

എബിസി-സിവോട്ടർ

എൻഡിഎ : 19-23
എസ്ഡിഎ-6-10
മറ്റുള്ളവർ-1-2