ന്നലെ വരെ മനുഷ്യർക്ക് അന്യമായിരുന്നു കാണാക്കാഴ്‌ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഒമാനിൽ നിന്നുള്ള 10 പര്യവേക്ഷകരടങ്ങുന്ന സംഘം. പറഞ്ഞു വരുന്നത് മറ്റൊന്നിനെക്കുറിച്ചുമല്ല ജിന്നുകളുടെ തടവറ എന്നറിയപ്പെടുന്ന ലോകപ്രശസ്ത അഗാധ ഗർത്തമായ ബാർഹൗട്ട് ഗർത്തത്തിന്റെ അടിത്തട്ടിൽ ആദ്യമായി മനുഷ്യർ ഇറങ്ങിയതിനെക്കുറിച്ചാണ്.യമനിൽ ഒമാൻ അതിർത്തിക്കു സമീപമുള്ള അൽ മഹാറയിലാണ് നരകക്കിണർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഗർത്തം സ്ഥിതി ചെയ്യുന്നത്.

367 അടി(ഏകദേശം 123 നിലക്കെട്ടിടത്തിന്റെ പൊക്കം) താഴ്ചയുള്ളതാണ് ഈ അഗാധ ഗർത്തം.വായയ്ക്ക് 100 അടി വിസ്തീർണവുമുണ്ട്.ചുറ്റുപാടുമുള്ള വസ്തുക്കളെ ഉള്ളിലേക്കു വലിച്ചാകർഷിക്കാൻ ഈ ഗർത്തത്തിനു കഴിയുമെന്നും നാട്ടുകാർ വിശ്വസിക്കുന്നു. ഇതിനെപ്പറ്റി സംസാരിക്കുന്നതു പോലും ദൗർഭാഗ്യം കൊണ്ടുവരുമെന്നാണ് അവരുടെ വിശ്വാസം. അതൊക്കെക്കൊണ്ട് തന്നെ ജിന്നുകളുടെ തടവറയെന്നാണ് പ്രദേശികമായി ഈ ഗർത്തത്തെ വിശേഷിപ്പിക്കുന്നത്.

ഇത്തരം വിശ്വാസങ്ങൾ ഉള്ളതിനാൽ തന്നെ ഇന്നുവരെ ആരും തന്നെ ഗർത്തത്തിനുള്ളിലേക്ക് ഇറങ്ങാൻ ധൈര്യപ്പെട്ടിട്ടില്ല. നിഗുഡതകളുടെ ഖനിയായ ഈ ഗർത്തത്തെക്കുറിച്ച് കൂടുതൽ അറിയുക എന്ന ലക്ഷ്യത്തോടെയാണ് ഒമാനിൽ നിന്നുള്ള സംഘം പര്യവേഷണത്തിനായി ഗർത്തത്തിലേക്ക് ഇറങ്ങിയത്.ഒമാനി കേവ്സ് എക്സ്പ്ലൊറേഷൻ ടീം എന്ന പര്യവേക്ഷക സംഘത്തിലെ അംഗങ്ങളായ ഇവരിൽ എട്ടുപേർ ആധുനിക രീതിയിലുള്ള കപ്പി, കയർ സംവിധാനം ഉപയോഗിച്ചാണു കുഴിക്കുള്ളിലേക്കു കടന്നത്.ഒമാനിലെ ജർമൻ സർവകലാശാലയിൽ ജിയോളജി പ്രഫസറായ മുഹമ്മദ് അൽ കിന്ദിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

ഗർത്തത്തിനുള്ളിൽ വെള്ളച്ചാട്ടങ്ങൾ, പാമ്പുകൾ, തവളകൾ, പ്രാണികൾ, ചത്ത മൃഗങ്ങളുടെ അവശേഷിപ്പുകൾ, ഗുഹയ്ക്കുള്ളിൽ കാണപ്പെടുന്ന കേവ് പേളുകൾ എന്നറിയപ്പെടുന്ന ഉരുണ്ട കല്ലുകൾ, കൽപുറ്റുകൾ എന്നിവ കണ്ടെന്ന് പര്യവേക്ഷകർ അറിയിച്ചു. വളരെ അപൂർവമായി കണ്ടുവരുന്നവയാണ് കേവ്പേളുകൾ. ഗുഹകളിലും ഗർത്തങ്ങളിലും നിരപ്പായ സ്ഥലങ്ങളിൽ മാത്രമേ ഇവ ഉണ്ടാകൂ. ബാർഹൗട്ട് ദ്വാരത്തിന്റെഅടിത്തട്ടിൽ നിന്നു നൂറടിപ്പൊക്കത്തിലുള്ള സുഷിരങ്ങളിൽ നിന്നു വെള്ളം താഴേക്കു പതിക്കുന്നതു മൂലമാണ് ഇവയുണ്ടാകുന്നതെന്നു പര്യവേക്ഷകർ പറയുന്നു.

ദശലക്ഷക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളതാണ് ബാർഹൗട്ട് ഗർത്തം. താഴ്ഭാഗത്തു നിന്നു പാറ നശിക്കുന്നതു കാരണം രൂപപ്പെടുന്ന സിങ്ക്ഹോൾ വിഭാഗത്തിലുള്ളതാണ് ഈ ഗർത്തവും. സിങ്ക്ഹോളുകൾ തന്നെ പലതരമുണ്ട്. എന്നാൽ ഏതു തരത്തിൽ പെട്ടതാണ് ബാർഹൗട്ടെന്നു മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പര്യവേക്ഷകർ ഗർത്തത്തിനുള്ളിൽ നിന്നു നിരവധി സാംപിളുകൾ എടുത്തിട്ടുണ്ട്. ഇതു വിലയിരുത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. പര്യവേഷണത്തിന്റെ വിഡിയോയും പിന്നീട് പുറത്തുവിട്ടു.