കൊട്ടിയൂർ: വീട്ടിൽ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കൾ പിടികൂടി. കൊട്ടിയൂർ പന്നിയാംമലയിലെ തൈപ്പറമ്പിൽ വിശ്വ(60)ന്റെ വീട്ടിൽ നിന്നാണ് പടക്ക നിർമ്മാണത്തിനു ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. പരിശോധനയ്ക്ക് എത്തും മുമ്പേ പ്രതി രക്ഷപ്പെട്ടതായും ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കേളകം എസ്.എച്ച്.ഒ. എ.വിപിൻദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

സൾഫർ(അഞ്ച് കിലോഗ്രാം), അലുമിനിയം പൗഡർ(മൂന്ന് കിലോഗ്രാം), പൊട്ടാസ്യം നൈട്രേറ്റ്(ഏഴ് കിലോഗ്രാം), ഓലപ്പടകം -25 എണ്ണം, ഗുണ്ട്, 500 ഗ്രാം പടക്കം നിർമ്മിക്കാനുള്ള തിരി തുടങ്ങിയവയാണ് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഈ വസ്തുക്കൾ വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു.

സംഭവത്തിൽ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. സ്ഥലത്ത് ബോംബ് സ്‌ക്വഡ് വിദഗ്ദരും പരിശോധന നടത്തി. കണ്ണൂർ റൂറൽ ബോംബ് സ്‌ക്വാഡ് വിദഗ്ധരായ എസ്‌ഐ. പി.എൻ. അജിത്കുമാർ, സി.പി.ഒ. സി.കെ. രഞ്ജിത്ത്, കേളകം എസ്‌.ഐ. എം.കെ. കൃഷ്ണൻ, ജോളി ജോസഫ്, പി. ലിബിൻ, എ.എസ്‌.ഐ. രാജീവൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതിക്കെതിരെ ഇതിനു മുമ്പും സ്‌ഫോടന വസ്തുക്കൾ അനധികൃതമായി കൈവശം വെച്ചതിന് കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.