ലോക് ഡൗണിനെ തുടർന്ന് സംസ്ഥാന സർക്കാർ വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെയാണ് മലയാളികൾ മുഴുവൻ സായി ശ്വേത ടീച്ചറെ അറിയാൻ തുടങ്ങുന്നത്. മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓൺലൈൻ ക്ലാസ്സിലൂടെയാണ് സായി ശ്വേത വൈറലായത്. അതിനു ശേഷം പ്രോഗ്രാമുകൾക്ക് തന്നെ വിളിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം സിനിമ ഓഫർ ചെയ്തുകൊണ്ട് തന്നെ വിളിച്ചയാൾ അത് നിരസിച്ചപ്പോൾ അപമാനിക്കുകയാണ് ചെയ്തതെന്നും സായി ശ്വേത തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചയാളിൽ നിന്നു നേരിട്ട ദുരനുഭവം തുറന്ന് പറയുകയാണ് സായി ശ്വേത ടീച്ചർ.

കുറിപ്പിന്റെ പൂർണരൂപം:

''പ്രിയപ്പെട്ടവരെ ,

ഏറെ സങ്കടത്തോടെയാണ് ഈ കുറിപ്പ് ഞാൻ എഴുതുന്നത്...മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ഓൺലൈൻ ക്ലാസ്സിന് നിങ്ങൾ തന്ന വലിയ സപ്പോർട്ടിനും വിജയത്തിനും ശേഷം ധാരാളം പ്രോഗ്രാമുകൾക്ക് ഈ എളിയ എനിക്ക് ദിവസവും ക്ഷണം ലഭിക്കാറുണ്ട്. അതിൽ പ്രാദേശികമായ ഒട്ടേറെ പരിപാടികളിൽ ഒരു മാറ്റവുമില്ലാതെ പഴയതുപോലെ സന്തോഷത്തോടെ ഞാൻ പങ്കെടുക്കാറുള്ളത് നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാവുമല്ലോ .

കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും ഫോൺ വന്നു. അപ്പോഴത്തെ തിരക്ക് കാരണം എടുക്കാൻ കഴിഞ്ഞില്ല. പല തവണ വിളിച്ചതുകൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാൻ തിരിച്ചു വിളിച്ചു. ഒരു സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത്. പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ നമ്പർ കൊടുക്കുകയും അദ്ദേഹത്തോട് സിനിമയുടെ വിശദാംശങ്ങൾ പറഞ്ഞാൽ നന്നാവുമെന്നും പറഞ്ഞു. എന്റെ ഭർത്താവും വിളിച്ച ആളോട് സംസാരിച്ചിരുന്നു. പിന്നീട് ആലോചിച്ച് നോക്കിയപ്പോൾ തല്ക്കാലം സിനിമ അഭിനയം വേണ്ട എന്ന് ഞാൻ തീരുമാനിക്കുകയും എന്നെ വിളിച്ച ആളെ കുടുംബ സുഹൃത്ത് വഴി അത് അറിയിക്കുകയും ചെയ്തു.

പക്ഷെ പിന്നീട് കാര്യങ്ങൾ മാറുന്ന അവസ്ഥയാണ് കണ്ടത്. എന്നെ വിളിച്ചയാൾ ഫെയ്‌സ് ബൂക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരത്തി പൊതു സമൂഹത്തിൽ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടു. സോഷ്യൽ മീഡിയയിൽ സെലിബ്രെറ്റി സ്റ്റാറ്റസുള്ള, വക്കീലുകൂടിയായ അദ്ദേഹം ഒരാൾ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തുകയും സത്യം അറിയാതെ ഒട്ടേറെ പേർ അത് ഷെയർ ചെയ്യുകയും കമന്റിടുകയും ചെയ്തു.എന്നെ സ്നേഹിക്കുന്ന ധാരാളം പേർ അത് വായിച്ചു എന്നെ വിളിക്കുകയും അവരോടൊക്കെ മറുപടി പറയാനാവാതെ ഞാൻ വിഷമിക്കുകയും ചെയ്തു .

ഒരു സ്ത്രീയോട് അപരിചിതനായ ഒരാൾ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കിൽ സമൂഹ മധ്യത്തിൽ അയാൾക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലർ ജന്മ അവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത്. വിദ്യാസമ്പന്നരെന്ന് നമ്മൾ കരുതുന്നവർ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത്. ആദ്യം ഞാൻ വല്ലാതെ തളർന്നു പോയിരുന്നു. പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നൽകിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോൾ ഞാൻ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഒരു ടീച്ചർ എന്ന നിലയിൽ അതെന്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നു. ഈ വിഷയത്തിൽ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ സ്വന്തം സായി ശ്വേത ടീച്ചർ''

എന്റെ തങ്കു പൂച്ചേ.. മിട്ടു പൂച്ചേ... എന്നു വിളിച്ചെത്തിയ ടീച്ചർ ഇന്ന് മലയാളക്കരയിലെ മിന്നും താരമാണ്. കുട്ടികളെ ഭംഗിയായി പഠിപ്പിച്ച സായി ടീച്ചറാണ് സോഷ്യൽ മീഡിയയിലെ പുതിയ താരമായി മാറിയത്.പൂച്ചകളുമായിട്ടാണ് ഒന്നാംക്ലാസിലെ കുട്ടികളെ കാണാൻ സായി ടീച്ചർ എത്തിയത്. ഈണത്തിൽ താളത്തിൽ കൊഞ്ചിച്ച് കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ടീച്ചർ ക്ലാസ് പൂർത്തിയാക്കി. പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹം. കോഴിക്കോട് വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ എൽ പി സ്‌കൂൾ അദ്ധ്യാപികയായ സായി ടീച്ചർ.നീണ്ട വർഷം അദ്ധ്യാപനത്തിൽ പരിചയമൊന്നും ടീച്ചർക്കില്ല. എന്നാൽ സംസ്ഥാനത്ത് ആദ്യമായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈനായി ക്ലാസെടുത്ത് ടീച്ചർ മലയാളികളുടെ അംഗീകാരം പിടിച്ചുപറ്റി. ഒരു വർഷം മാത്രമാണ് ഈ അദ്ധ്യാപികയ്ക്ക് അദ്ധ്യാപനത്തിൽ പരിചയം. സ്‌കൂളിൽ കഴിഞ്ഞ വർഷമാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ വർഷം രണ്ടാം ക്ലാസ് അദ്ധ്യാപികയായിരുന്നു. പരിചയക്കുറവൊന്നും ടീച്ചർക്കൊരു പ്രശ്നമേ ആയിരുന്നില്ല.

വിദ്യാർത്ഥിനിയായിരുന്നപ്പോൾ മോണോ ആക്ട്, നാടോടി നൃത്തം ഉൾപ്പെടെയുള്ള മത്സരങ്ങളിൽ സമ്മാനം കരസ്ഥമാക്കിയ ടീച്ചർ അതിമനോഹരമായ ക്ലാസിലൂടെ കുട്ടികളുടെ മനസ്സിലേക്കാണ് നടന്നു കയറിയത്. വിദേശത്ത് ജോലിയുള്ള പനയുള്ളതിൽ ദിലീപിന്റെ ഭാര്യയാണ് ടീച്ചർ. പൂച്ചയുടെ കഥ അവതരിപ്പിച്ചാണ് അദ്ധ്യാപിക പിഞ്ചു കുട്ടികളെ ആകർഷിക്കുകയും പിടിച്ചിരുത്തുകയും ചെയ്തത്. ക്ലാസ് ആരംഭിച്ചതോടെ വീടുകളിലെ മുതിർന്നവരും ടീ വിക്ക് മുമ്പിലെത്തുന്ന കാഴ്ചയായിരുന്നു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഒന്നിച്ചിരുന്നാണ് ടീച്ചറുടെ ക്ലാസ് കണ്ടത്. കൊച്ചു കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ടീച്ചർ അവതരണവുമായി മുന്നേറിയപ്പോൾ പുഞ്ചിരിയോടെ കുട്ടികൾ ക്ലാസിൽ മുഴുകി.

 

പ്രിയപ്പെട്ടവരെ , ഏറെ സങ്കടത്തോടെയാണ് ഈ കുറിപ്പ് ഞാൻ എഴുതുന്നത് . മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ഓൺലൈൻ...

Posted by Sai Swetha Dilee on Wednesday, September 2, 2020