അഹമ്മദാബാദ്: ഗുജറാത്തിലെ കോവിഡ് മരണ നിരക്കിൽ കൃത്രിമം നടക്കുന്നതായി ഗുജറാത്തിലെ പ്രാദേശിക പത്രമായ ദിവ്യാ ഭാസ്‌കർ. സർക്കാർ മരണ കണക്കുകൾ കുറച്ച് കാണിക്കുന്നതായാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.ഔദ്യോഗിക കണക്കിന്റെ 15 ഇരട്ടിയോളം കോവിഡ് മരണങ്ങൾ വരെ ഗുജറാത്തിൽ സംഭവിച്ചിരിക്കാമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഗുജറാത്തിൽ 2021 മാർച്ച് മുതൽ മെയ് 10 വരെയുള്ള കോവിഡ് മരണങ്ങളുടെ ഔദ്യോഗിക കണക്ക് 4218 ആണ്. എന്നാൽ 71 ദിവസത്തിനുള്ളിൽ അപേക്ഷ നൽകിയ പ്രകാരം ഔദ്യോഗികമായി വിതരണം ചെയ്ത മരണ സർട്ടിഫിക്കറ്റുകളുടെ എണ്ണം 1.23 ലക്ഷമാണ്. ഔദ്യോഗിക കണക്കിനെക്കാൾ 65,085 എണ്ണത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.

2020 മാർച്ച് ഒന്നുമുതൽ മെയ് പത്തുവരെയുള്ള കാലയളവിൽ രാജ്കോട്ട് നഗരത്തിൽ 2020 മരണസർട്ടിഫിക്കറ്റുകളാണ് വാങ്ങിയിരിക്കുന്നത്. 2021 മാർച്ച് ഒന്ന് മുതൽ മെയ് 10 വരെയുള്ള കാലത്ത് 10,878 സർട്ടിഫിക്കറ്റുകളാണ് പാസാക്കിയിരിക്കുന്നത്.