തിരുവനന്തപുരം: വ്യാജ തേൻ വിറ്റ കുറ്റത്തിന് ഫാർമസി ഉടമയ്ക്ക് അരലക്ഷം രൂപ പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ അപ്പലേറ്റ് ട്രിബ്യൂണലിന്റേതാണ് വിധി. വയനാട് സുൽത്താൻ ബത്തേരിയിൽ കോഴിക്കോട് ഫാർമസി ഉടമ ഡോ. സത്യാനന്ദൻ നായരാണ് പിഴ ഒടുക്കേണ്ടത്. 2016 ജൂൺ 16ന് സത്യാനന്ദന്റെ ഫാർമസിയിൽനിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം മായം കലർന്ന തേൻ പിടികൂടിയിരുന്നു.

മാനന്തവാടി അഡ്ജുഡിക്കേഷൻ ഓഫീസറുടെ മുമ്പിലെത്തിയ പരാതിയിൽ ഫാർമസി ഉടമ മായം കലർന്ന തേൻ വിറ്റിരുന്നതായി കണ്ടെത്തുകയും അര ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരേയാണ് ഫാർമസി ഉടമ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിനുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, വിനു മുരളി, ദീപ വിശ്വനാഥ് എന്നിവർ ഹാജരായി.

അടുത്തകാലത്തായി വയനാട്ടിൽ വ്യാജ തേൻ വിൽക്കുന്ന മാഫിയ സജീവമായിരുന്നു. ജില്ലക്ക് പുറത്ത് നിന്നെത്തുന്ന സഞ്ചാരികളെയാണ് വ്യാജതേൻലോബി ലക്ഷ്യമിടുന്നത്. അടുത്തിടെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാജ തേൻപിടികൂടി നശിപ്പിച്ചിരുന്നു. യഥാർത്ഥ തേനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിന് തേൻ അടയും, പാട്ടയും, മെഴുകും തേനിന്റെ സമീപം വെച്ചു വിൽപ്പന നടത്തുന്ന സംഘവും വയനാട്ടിൽ സജീവമാണ്.

വിൽപ്പനക്കാരുടെ പൂർണ്ണമായ മേൽവിലാസമോ, മേൽവിലാസം തെളിയിക്കുന്ന രേഖകളോ ലഭ്യമാകാത്തതിനാൽ പലപ്പോഴും ഇത്തരക്കാരുടെ പേരിൽ നിയമനടപടി സ്വീകരിക്കുവാൻ സാധിക്കാതെ വരുന്നതായി അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. നിലവാരം കുറഞ്ഞ തേൻ വിൽപ്പന നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തേനിന്റെ സർവ്വയലൻസ് സാമ്പിളുകൾ കൽപ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസർ രേഷ്മയുടെ നേതൃത്വത്തിൽ ശേഖരിച്ച് വിദഗ്ധപരിശോധനക്ക് അയച്ചു. പരിശോധനാഫലം വരുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പി.ജെ. വർഗ്ഗീസ് അറിയിച്ചു.

തേൻ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ടത്

വഴിയോരങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങളിലും വിൽപന നടത്തുന്ന തേൻ വാങ്ങരുത്. പായ്ക്ക് ചെയ്ത തേനാണെങ്കിൽ പായ്ക്കറ്റ്/ബോട്ടിലിന് പുറത്ത് ഭക്ഷ്യ സുരക്ഷാ ലേബൽ നിബന്ധനകൾ പാലിച്ചവ മാത്രമേ വാങ്ങാവൂ. ബില്ല് ചോദിച്ച് വാങ്ങണം. വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും മാത്രമേ തേൻ വാങ്ങാവൂ. തേനിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിവരെ അറിയിക്കേണ്ടതാണ്.

വയനാട്ടിൽ പലഭാഗത്തും വയനാടൻ തേൻ നെല്ലിക്ക എന്ന പേരിൽ പഞ്ചസാര ലായിനിയിലിട്ട നെല്ലിക്ക വിതരണം നടത്തുന്നതായി പരാതിയുണ്ട്. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും വരുന്ന ഇത്തരം നെല്ലിക്ക പഞ്ചസാര ലായിനിയിൽ പ്രിസർവ് ചെയ്തതാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായതിനാൽ കച്ചവടക്കാർ അത്തരം പരസ്യങ്ങളും ലേബലും മാറ്റണമെന്നും അല്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.