തിരുവനന്തപുരം : വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരക്കണക്കിന് വ്യാജ വോട്ടർമാരെ ചേർത്ത തെരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കാൻ വൻ ഗൂഢാലോചന നടന്നെന്നും 140 മണ്ഡലങ്ങളിലും വ്യാജ വോട്ടർമാർ പട്ടികയിൽ ധാരാളം ഉണ്ടെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇലക്ഷൻ കമ്മീഷന് പരാതിയും നൽകി. ഇക്കാര്യത്തിൽ അന്വേഷണം കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരേ ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേർത്തിരിക്കുന്നത്. പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് കള്ളവോട്ടർമാരുണ്ടെന്നും ആരോപിച്ചു. ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും സ്ഥാനത്ത് ചേർത്തിരിക്കുന്നു. ഉദുമ മണ്ഡലത്തിൽ കുമാരി എന്ന സ്ത്രീയുടെ പേരും വിലാസവും അഞ്ചിടത്ത് ചേർത്തിരിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അഞ്ചു തിരിച്ചറിയൽ കാർഡു നൽകിയെന്നും പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഈ ശ്രമത്തിൽ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

പുതിയ വോട്ടർ പട്ടിക അനുസരിച്ച് കഴക്കൂട്ടത്തും 4506 കള്ളവോട്ടർമാരെ കണ്ടെത്തി. കൊല്ലത്ത് 2534 പേരെയും തൃക്കരിപ്പൂരിൽ 1436 പേരെയും കൊയിലാണ്ടിയിൽ 4611 പേരെയും നാദാപുരത്ത് 6181 പേരെയും കൂത്തുപറമ്പിൽ 3521 പേരെയും വ്യാജവോട്ടർമാരായി ചേർത്തു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വ്യാപകവും സംഘടതിമായും വ്യാജവോട്ടർമാരെ ചേർക്കാൻ ശ്രമം നടന്നു.

ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയിരക്കുന്നത്. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണം. കള്ളത്തരം കാട്ടിയ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വോട്ടർപട്ടിക സൃഷ്മമായി പരിശോധിച്ച് കുറ്റമറ്റ വോട്ടർ പട്ടിക ഉണ്ടാക്കണമെന്നും പറഞ്ഞു.

സംസ്ഥാനത്ത് സിപിഎം ബിജെപി കൂട്ടുകെട്ടാണ്. ഇക്കാര്യം തങ്ങൾ ആദ്യം പറഞ്ഞപ്പോൾ പരിഹസിച്ചു. ഇപ്പോൾ ആർഎസ്സഎസ് നേതാവ് ബാലശങ്കർ തന്നെ അത് ശരിവെച്ചു. ബാലശങ്കറിന്റെ ആരോപണം നിസ്സാരവൽക്കരിക്കാനാകില്ല. എത്ര മണ്ഡലങ്ങളിൽ ഇവർ തമ്മിൽ ഡീൽ ഉണ്ടെന്ന കാര്യം പിണറായിയും സുരേന്ദ്രനും പറയണം. ഈ വോട്ടുകച്ചവടം സിപിഎമ്മിന്റെ അന്ത്യം കുറിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

അതേസമയം ചെന്നിത്തലയ്ക്ക് എതിരേ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രനും എത്തി. ചെന്നിത്തല നടത്തുന്നത് തരംതാണ ആരോപണമാണെന്നും കള്ളവോട്ട് ചേർത്തത് ചെന്നിത്തല ആയിരിക്കുമെന്നും അതുകൊണ്ടാണ് കണക്കുകൾ കൃത്യമായി പറയുന്നതെന്നും പറഞ്ഞു.