ന്യൂഡൽഹി:പൊതുമേഖല ബാങ്കുകളിൽ നിന്ന് വിരമിക്കുന്നവരുടെ കുടുംബ പെൻഷൻ ഏകീകരിച്ച് കേന്ദ്ര സർക്കാർ. ജീവനക്കാർ അവസാനം കൈപ്പറ്റിയ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമായി ഏകീകരിക്കും. പരമാവധി പരിധിയായ 9,284 രൂപ എന്നത് സർക്കാർ എടുത്തുകളഞ്ഞു.

ഇതോടെ പെൻഷൻ തുക 30,000-35,000 രൂപ വരെയായി ഉയരുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ദേബശീഷ് പാണ്ഡ വ്യക്തമാക്കി. ഇതുവരെ വിവിധ സ്ലാബുകളുടെ അടിസ്ഥാനത്തിലായിരുന്നു പെൻഷൻ വിതരണം.

കുടുംബ പെൻഷൻ വളരെ ചെറിയ തുകയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ജീവനക്കാരുടെ സംഘടനകൾ പലതവണ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം മരിക്കുന്നവരുടെയും പെൻഷൻ അർഹത നേടിയ ശേഷം സർവീസ് കാലത്ത് മരിക്കുന്നവരുടെയും കുടുംബങ്ങൾക്ക് ലഭിക്കുന്നതാണ് കുടുംബ പെൻഷൻ.