കൊച്ചി: മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് നേരെ മോഹൻലാൽ ആരാധകർ പൊങ്കാലയുമായി എത്തിയിരുന്നു. ഇപ്പോൾ, അത് ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറി വിമൽ കുമാറിന് നേരേ തിരിഞ്ഞിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന് പിന്തുണ അറിയിച്ച് വിമൽ കുമാർ ഇട്ട പോസ്റ്റിന് താഴെ പൊങ്കാല എന്നല്ല, തെറിവിളിയാണ് ആരാധകർ.

AKMFCWAഎന്ന മോഹൻലാൽ ഫാൻസ് അസോസിയേഷൻ; ആന്റണി പെരുമ്പാവൂർ എടുക്കുന്ന എല്ലാ തീരുമാനത്തിനും കൂടെയുണ്ട്. ഞങ്ങളുണ്ട് കൂടെ...ഇതായിരുന്നു വിമൽകുമാറിന്റെ പോസ്റ്റ്.

നേരത്തെ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്‌ബുക്ക് പേജിലായിരുന്നു പൊങ്കാല കമന്റുകൾ. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യണം എന്നത് തന്നെയാണ് താരത്തിന്റെ ആരാധകരുടെ പ്രധാന ആവശ്യം. അതേസമയം, മരക്കാർ സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമോ, അതോ തിയേറ്ററിൽ എത്തുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മുന്നോട്ട് വച്ച 40 കോടി മിനിമം ഗ്യാരന്റി എന്നതാണ് തർക്ക വിഷയമായി തുടരുന്നത്. എന്നാൽ, പ്രശ്‌നം പരിഹരിക്കാൻ ചർച്ച തുടരുന്നു എന്ന് ഫിലിം ചേംബർ പ്രസിഡണ്ട് സുരേഷ് കുമാർ അറിയിച്ചു.

ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ട തുക 40 കോടിയിൽ നിന്നും ഇരുപത്തിയഞ്ചു കോടിയാക്കി കുറച്ചെന്നും സുരേഷ് കുമാർ ടെലിവിഷൻ ചാനലിനോട് പറഞ്ഞു.തിയേറ്ററുടമകൾ 15 കോടി നൽകാമെന്ന് പറഞ്ഞു. മിനിമം ഗ്യാരണ്ടി നൽകില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന അറിയിച്ചതായും സുരേഷ് കുമാർ പറഞ്ഞു. മിനിമം ഗ്യാരണ്ടി വേണമെന്ന ആവശ്യത്തിൽ ആന്റണി പെരുമ്പാവൂർ ഉറച്ചു നിൽക്കുകയുമാണ്.

അവസാന ചർച്ച ഇന്നു വൈകിട്ട് നടക്കും. ഇതോടുകൂടി ചർച്ച അവസാനിപ്പിക്കുമെന്നും സുരേഷ് കുമാർ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെ തന്നെ വിഷയത്തിൽ പ്രതിഷേധവുമായി തിയേറ്റർ ഉടമകളും രംഗത്തെത്തി.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യർ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. അനിൽ ശശിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.