ബംഗളൂരു: കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണം അറിഞ്ഞ് കുഴഞ്ഞുവീണ് ആരാധകൻ മരിച്ചു. ചാമരാജ്നഗർ ജില്ലയിലെ ഹാനൂരിലെ മാരൂർ സ്വദേശിയായ മുനിയപ്പ (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ പുനീത് മരിച്ച വാർത്ത കേട്ടതോടെ മുനിയപ്പ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പൂനാച്ചിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മുനിയപ്പയുടെ മരണം. ഭാര്യയും രണ്ടു മക്കളുമുള്ള മുനിയപ്പ പുനീത് രാജ്കുമാറിന്റെ കടുത്ത ആരാധകനായിരുന്നു. ഇന്നലെയാണ് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ പുനീതിന് നെഞ്ചുവേദനയുണ്ടാകുന്നത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കന്നഡ സിനിമയുടെ പവർസ്റ്റാർ എന്നു അറിയപ്പെടുന്ന പുനീതിന്റെ മരണം ആരാധകർക്ക് ആഘാതമായിരിക്കുകയാണ്.