ന്യൂഡൽഹി: ഇനി രാജ്യം സാക്ഷിയാകുക സമാനതകളില്ലാത്ത കർഷക പ്രക്ഷോഭത്തിന്. കേന്ദ്ര ബജറ്റിലെ കളിയാക്കലും അവഗണനയും കർഷക രോഷം കൂട്ടുകയാണ്. വിട്ടു വീഴ്ചയ്ക്കില്ലെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്. ഈ സാഹചര്യത്തിലാണ് സമരം കടുപ്പിക്കുന്നത്. പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് പോകാതിരിക്കാൻ ശ്രമം ഉണ്ടാകും. രാജ്യവ്യാപക പ്രതിഷേധമാകും ഇനി നടത്തുക.

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സൂചന നൽകിയാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. കേന്ദ്രം കൊണ്ടു വന്ന പുതിയ നിയമങ്ങൾ കർഷകർക്ക് ഗുണകരമാണെന്ന് പറയുകയും ചെയ്തു. ഇതോടെ നിയമകൾ പിൻവലിക്കില്ലെന്ന് പറയുകയാണ്. കാർഷിക മേഖലയ്ക്കായുള്ള പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ലോക്സഭയിൽ പ്രതിപക്ഷ ബഹളവും ഉണ്ടായി. കേന്ദ്ര സർക്കാരിന്റെ ബജറ്റ് ആറ് മേഖലകളെ മുൻനിർത്തിയുള്ളതായിരിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവൺമെന്റ് മാക്‌സിമം ഗവേർണൻസ് എന്നിവയായിരിക്കും ബജറ്റിന്റെ ആറ് തൂണുകൾ എന്ന് മന്ത്രി ബജറ്റ് അവതരണത്തിന് ആമുഖമായി മന്ത്രി പറഞ്ഞിരുന്നു. ഇതിൽ കൃഷി ഉൾപ്പെട്ടിരുന്നില്ല.

ഇതും നിരാശയാണ്. പ്രതിഷേധിക്കുന്നവരെ പറ്റി പ്രതികരിക്കാനും മന്ത്രി തയ്യാറായില്ല. കണക്കുകളിലൂടെ സമരം അനാവശ്യമാണെന്ന് പറയാതെ പറയുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് കർഷകരും നിലപാട് കടുപ്പിക്കുന്നത്. കർഷകർക്കു മേൽ പിടിമുറുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനു പിന്നാലെ, പ്രക്ഷോഭത്തിനു വീര്യം കൂട്ടാൻ കർഷക സംഘടനകളുടെ തീരുമാനം. ഈ മാസം ആറിന് ഡൽഹി അടക്കം രാജ്യമെങ്ങും 3 മണിക്കൂർ റോഡ് ഉപരോധിക്കാൻ സംഘടനകൾ തീരുമാനിച്ചു. ഉച്ചയ്ക്ക് 12 മുതൽ 3 വരെ വാഹനങ്ങൾ നീങ്ങാത്ത വിധം ദേശീയപാതകളടക്കം തടയുമെന്നു കർഷകർ പ്രഖ്യാപിച്ചു. പ്രക്ഷോഭ കേന്ദ്രങ്ങളിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകർ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച സംഘടനകൾ, അതിനെതിരായി ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രക്ഷോഭം നടത്താനും തീരുമാനിച്ചു.

ഹരിയാനയിലെ പൽവലിൽ കഴിഞ്ഞ ദിവസം പൊലീസ് ഒഴിപ്പിച്ച പ്രക്ഷോഭകേന്ദ്രം കർഷകർ ഇന്നലെ തിരിച്ചുപിടിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മൂവായിരത്തോളം കർഷകർ അവിടെ നിലയുറപ്പിച്ചു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഇരുനൂറോളം ട്രാക്ടറുകളിലായി കൂടുതൽ കർഷകർ സിംഘു, തിക്രി എന്നിവിടങ്ങളിലേക്കെത്തി. ഇങ്ങനെ എന്തു വന്നാലും സമരവുമായി മുമ്പോട്ടു പോകുമെന്ന സൂചനയാണ് കർഷകർ നൽകുന്നത്. ഇനി ചർച്ചകളും നടക്കില്ലെന്നാണ് സൂചന.

കർഷക പ്രക്ഷോഭം കരുത്താർജിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സിംഘു, തിക്രി, ഗസ്സിപ്പുർ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് വിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് രാത്രി 11 വരെ നീട്ടി. വിലക്ക് നീക്കാതെ കേന്ദ്ര സർക്കാരുമായി ഇനി ചർച്ചയ്ക്കില്ലെന്നു സംഘടനകൾ പ്രഖ്യാപിച്ചു. എൻഐഎ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയെ ഉപയോഗിച്ച് കർഷകരെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കില്ലെന്നും കൃഷി നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭത്തിൽ ഉറച്ചു നിൽക്കുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഘടനകളുടെയടക്കം 250 ട്വിറ്റർ അക്കൗണ്ടുകൾ കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് മരവിപ്പിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നു കാട്ടിയാണു കേന്ദ്രത്തിന്റെ നടപടി. പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള കിസാൻ ഏകതാ മോർച്ച, ഭാരതീയ കിസാൻ യൂണിയൻ (ഉഗ്രാഹ), വാർത്താ മാസികയായ കാരവൻ എന്നിവയുടെ അക്കൗണ്ടുകളും ഇതിലുൾപ്പെടും. കാരവൻ എക്‌സിക്യൂട്ടീവ് എഡിറ്ററും മലയാളിയുമായ വിനോദ് കെ. ജോസിനെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം രാജ്യദ്രോഹത്തിനു കേസെടുത്തിരുന്നു.