മുംബൈ: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ക്ഷീര കർഷകർ. സൗജന്യമായി പാൽ വിതരണം ചെയ്താണ് ക്ഷീരകർഷകർ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഔറംഗബാദിന് സമീപമുള്ള ജൽനാ ജില്ലയിലെ വാദിഗോത്രി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ താമസക്കാർക്കാണ് കർഷകർ പാൽ സൗജന്യമായി വിതരണം ചെയ്തത്.

കർഷകർ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് വിപണിയിലോ, ഡയറിയിലോ പാൽ നൽകാതെയാണ് ഗ്രാമത്തിലെ താമസക്കാർക്ക് സൗജന്യമായി പാൽ വിതരണം ചെയ്തത്. കുട്ടികൾ, സ്ത്രീകൾ എന്നിവർക്കായിരുന്നു മുൻഗണനയെന്ന് സ്വാഭിമാനി ഷെട്കരി സംഘടന ജില്ലാ പ്രസിഡന്റ് സുരേഷ് കാലെ പറയുന്നു. ഭാരത ബന്ദ് കണക്കിലെടുത്ത് പാൽ വിൽക്കേണ്ട എന്ന് കർഷകർ തീരുമാനിക്കുകയായിരുന്നു. സന്നദ്ധ പ്രവർത്തകർ വഴിയാണ് പാൽ ജനങ്ങളിലേക്ക് എത്തിച്ചതെന്നും സുരേഷ് കാലെ പറഞ്ഞു.