ന്യൂഡൽഹി: കാർഷിക നിയമങ്ങളിലെ ഭേദഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളി കർഷകസംഘടനകൾ. നിയമങ്ങളിൽ മാറ്റമല്ല പൂർണ്ണമായി പിൻവലിക്കുകയാണ് വേണ്ടതെന്ന് കർഷകനേതാവ് രാകേഷ് ടിക്കായ്ത്ത് പ്രതികരിച്ചു, അതെസമയം സർക്കാരിന്റെ പുതിയ നിലപാട് ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച ഉടനെ യോഗം ചേരും

കാർഷിക നിയമം പിൻവലിക്കുന്നത് ഒഴികെ നിയമത്തിൽ എന്തു മാറ്റം വരുത്തുന്നത് സംബന്ധിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്രകൃഷി ഇന്നലെ നിലപാട് വ്യക്തമാക്കിയത്. നിയമത്തെ സംബന്ധിച്ച് ചർച്ച ഇല്ലെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കർഷകവിരുദ്ധ നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കണമെന്നാണ് കർഷകസംഘടനകളുടെ ആവശ്യം.

നിയമത്തിൽ ഭേദതഗതിക്കായി അല്ല കർഷകസമരം ചെയ്യുന്നതെന്നും പൂർണ്ണമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കർഷകനേതാവ് രാകേഷ് ടിക്കായ്ത്ത് പറഞ്ഞു. അതേ സമയം സമരം വീണ്ടും ശക്തമാക്കിയതിന് പിന്നാലെ സർക്കാരിന് വന്ന നിലപാട് മാറ്റം കാര്യങ്ങൾ അനുകൂലമാക്കാനാകുമെന്ന് വിലയിരുത്തലിലാണ് സംയുക്ത കിസാൻ മോർച്ച.

മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് ചർച്ച ചെയ്യാൻ കിസാൻ മോർച്ച യോഗം ചേരും. എന്നാൽ ചർച്ചയ്ക്കായി കേന്ദ്രസർക്കാരിൽ നിന്നും ഔദ്യോഗിക ക്ഷണം നൽകാതെ പ്രസ്താവനയിൽ മാത്രം കാര്യങ്ങൾ നീക്കാനാണ് സർക്കാർ ശ്രമമെന്ന വിമർശനം കർഷകർ ഉയർത്തുന്നു. കഴിഞ്ഞ ജനുവരി 22 നാണ് കർഷകരും സർക്കാരും തമ്മിൽ അവസാനം ചർച്ച നടന്നത്.