ന്യൂ ഡൽഹി: ട്രാക്ടർ റാലിയോടെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി കേന്ദ്ര സർക്കാർ അടിച്ചമർത്തുമെന്ന് കരുതിയ കർഷക പ്രക്ഷോഭം വർധിത വീര്യത്തോടെ ജ്വലിച്ചുയർന്നത് ജാട്ട് നേതാവും ഭാരതീയ കിസാൻ യൂണിയന്റെ (ബി.കെ.യു) ദേശീയ വക്താവുമായ രാകേഷ്​​ ടിക്കായത്തിന്റെ കണ്ണുനീരിൽ നിന്നും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ചെങ്കോട്ടയിലെ അക്രമികളുടെ പ്രവർത്തനങ്ങൾ കാരണം സമരം അവസാനിപ്പിക്കേണ്ടി വരുമെന്നായിരുന്നു ഭരണകൂടവും കർഷകരും കരുതിയത്. കിസാൻ പരേഡ് കഴിഞ്ഞ് വലിയൊരു വിഭാ​ഗം കർഷകരും സ്വന്തം ​ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്നു. ഈ അവസരം മുതലെടുത്ത് സമരക്കാരെ ഒഴിപ്പിക്കാമെന്ന് ഗസ്സിയാബാദ്​ ജില്ലാ ഭരണകൂടവും കേന്ദ്ര സർക്കാരും കരുതിയത്. ആദ്യം ഗസ്സിപൂരിൽ നിന്ന്​ ഒഴിപ്പിക്കൽ പദ്ധതിയിലേക്ക്​ കടക്കാനും അതിന്​ പിറകെ സിംഘുവും ടിക്​രിയും ഒഴിപ്പിക്കാനുമായിരുന്നു കേന്ദ്ര സർക്കാരിന്റെ പദ്ധതി.

വ്യാഴാഴ്​ച വൈകീട്ട്​ ഗസ്സിയാബാദ്​ ജില്ലാ ഭരണകൂടത്തിൽ നിന്ന്​ ഗസ്സിപൂരിലെ ആദ്യ നടപടി സംബന്ധിച്ച്​ കർഷക ​നേതാവ്​ രാകേഷ്​​ ടിക്കായത്തിന്​ ഒൗദ്യോഗിക വിവരം ലഭിച്ചതോടെ ഗസ്സിപൂരിലെ സമരവേദി മൂകമായി. രണ്ട്​ മാസം കൊണ്ട്​ 500ാളം കർഷക സംഘടനകൾ വളർത്തി വലുതാക്കിയ സമരം ഒരു കേസി​െൻറ പേരിൽ അവസാനിപ്പിക്കുന്നത്​ തടയാൻ താൻ കീഴടങ്ങുകയാണെന്ന്​ ടിക്കായത്ത്​ കർഷകരെ അറിയിച്ചു. സമരം ഒഴിപ്പിക്കരുതെന്ന ഉപാധിയോടെയാണ്​ കീഴടങ്ങുമെന്ന്​ മാധ്യമപ്രവർത്തകരെ അറിയിക്കു​േമ്പാൾ ടിക്കായത്ത്​ നിയന്ത്രണം വിട്ടു.

കൃഷിക്കാരെ നശിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കരഞ്ഞു. കർഷകരെ വഞ്ചിച്ചുവെന്ന് രാകേഷ് ടടിക്കായത്ത്​ പറഞ്ഞു. കർഷക പ്രക്ഷോഭം അവസാനിച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് രാകേഷ് ടിക്കായത്ത്​ പ്രഖ്യാപിച്ചു. രാകേഷ് ടിക്കായത്തിന്റെ ഈ വികാരാധീനത കർഷകർക്കിടയിൽ മിന്നൽ പോലെ മിന്നി. ഇത് കർഷകരെ ഒന്നിപ്പിക്കുക മാത്രമല്ല, ടിക്കായത്തിന്റെ എതിരാളികളെ പോലും അദ്ദേഹത്തെ പിന്തുണയ്ക്കാൻ പ്രേരിപ്പിച്ചു.

സർക്കാറിനെ വെല്ലുവിളിച്ച കരുത്തെല്ലാം ചോർന്ന്​ ദുർബലനായ ജാട്ട്​ നേതാവ്​ സമരം ലക്ഷ്യത്തിലെത്താതെ പരാജയപ്പെട്ടാൽ താൻ ആത്​മഹത്യ ചെയ്യുമെന്ന്​ പറഞ്ഞ്​ കരഞ്ഞു. അത്​ കണ്ട്​ വേദിയിലെ മറ്റു നേതാക്കളും കരഞ്ഞു. പൊലീസിന്​ മുമ്പാകെ കീഴടങ്ങിയാൽ ജയിലിൽ പോകുമെന്നുറപ്പിച്ച്​ ഭാര്യയും കുടുംബാംഗങ്ങളും സമരവേദിയിലെ ടിക്കായത്തി​ന്റെ തമ്പിലെത്തി. ഭക്ഷണം കഴിക്കാനായി അവർക്കൊപ്പമിരുന്നപ്പോഴും നിയന്ത്രണമടക്കാനാകാതെ ടിക്കായത്തും കൂടെ കണ്ടുനിന്നവരും കരഞ്ഞു. തിരിച്ച്​ ​വേദിയിലേക്ക്​ പോകു​മ്പോഴേക്കും കർഷക​രൊന്നടങ്കം ടിക്കായത്തി​നെ വളഞ്ഞ്​​ കീഴ​ടങ്ങരുതെന്ന്​ കേണുപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ടിക്കായത്തി​നെ അറസ്​റ്റ്​ ചെയ്യാൻ ജില്ലാ പൊലീസ്​ സുപ്രണ്ടിനെയും കൂട്ടി വേദിയിൽ കയറി വന്ന എ.ഡി.എം വിട്ടുവീഴ്​ചക്കില്ലെന്ന്​ നിലപാട്​ കടുപ്പിച്ചു. ടികായത്ത്​ അറസ്​റ്റ് വരിച്ചാലും 15 മിനിറ്റിനുള്ളിൽ സമരവേദി ഒഴിപ്പിക്കുമെന്ന്​ എ.ഡി.എം വ്യക്​തമാക്കി. കേവലം 200ൽ താഴെയുള്ള കർഷകരെ ആയിരത്തോളം പൊലീസ്​ വലയം ചെയ്​ത്​ നിൽക്കു​മ്പോഴായിരുന്നു ഇത്​. രാത്രി 11 മണിക്ക്​ സമരം ഒഴിപ്പിച്ചിരിക്കുമെന്ന്​ എ.ഡി.എം അർഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു. അതോടെ കാര്യങ്ങൾ കീ​ഴ്​മേൽ മറിഞ്ഞു. താനല്ല, ഒരാളും കീഴടങ്ങില്ലെന്നും സമരം ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്നും ടിക്കായത്തും വേദിയിൽ നിന്ന്​ പ്രഖ്യാപിച്ചു.

ഇതിനിടയിൽ ചാനലുകളിലൂടെയും വാട്​സ്​ ആപും ഫേസ്​ബുകും വഴിയും ടിക്കായത്തി​െൻറ കരച്ചിൽ ഉത്തർപ്രദേശിലെയും ഹരിയാനയിലെയും രാജസ്​ഥാനിലെയും ജാട്ട്​ ഗ്രാമങ്ങളിലുമെത്തിയതോടെ അവർ ഒന്നടങ്കം ഇളകി. മുസഫർ നഗറിലെ സ്വന്തം ഗ്രാമമായ സിസോലിയിൽ രാകേഷി​െൻറ സഹോദരൻ നരേഷ്​ ടിക്കായത്ത്​ രാത്രി തന്നെ മഹാ പഞ്ചായത്ത്​ വിളിച്ചു. ടിക്കായത്തി​നെ സ്​പർശിച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന്​ മുന്നറയിപ്പ്​ നൽകിയ മഹാ പഞ്ചായത്ത്​ രാത്രി തന്നെ ട്രാക്​ടറു​കളും വാഹനങ്ങളുമെടുത്ത്​ ഗസ്സിപൂരിലേക്ക്​ തിരിക്കാൻ ആഹ്വാനം ചെയ്​തു. അതിന്​ പുറമെ വെള്ളിയാഴ്​ച മുസഫർ നഗറിലും ഹരിയാനയിലെ വിവിധ ജാട്ട്​ ഗ്രാമങ്ങളിലും മഹാപഞ്ചായത്ത്​ വിളിച്ചു. പ്രകോപിതരായ ജാട്ടുകൾ ടിക്കായത്തി​നെ കരയിപ്പിച്ചവരെ പാഠം പഠിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ച്​ രാത്രി തന്നെ എത്തി തുടങ്ങിയതോടെ ഡൽഹി, യു.പി പൊലീസ്​ പൊടുന്ന​നെ പിന്മാറി.

സമരക്കാരെ അറസ്​റ്റ്​ ചെയ്യാൻ കൊണ്ടുവന്ന ബസുകളും തിരികെ കൊണ്ടുപോയി. റിപ്പബ്ലിക്​ ദിനത്തിലെ അനിഷ്​ട സംഭവങ്ങളോടെ പ്രതിരോധത്തിലായ കർഷകർ ഗസ്സിപൂരിൽ മാത്രമല്ല, സിംഘുവിലും ടിക്രിയിലുമെല്ലാം സമരാവേശം തിരിച്ചുപിടിക്കുന്നതാണ്​ പിന്നീട്​ കണ്ടത്​. ഗസ്സിപൂരിൽ തുടങ്ങാൻ കഴിയാതിരുന്ന ഒഴിപ്പിക്കൽ നടപടി സിംഘുവിലും ടിക്​രിയിലും ഉപേക്ഷിച്ചു. നേരം പുലർന്നിട്ടും കർഷകരുടെ ഗസ്സിപൂരിൽ കർഷകരുടെ ഒഴുക്ക്​ നിലച്ചിരുന്നില്ല. ടിക്കായത്തി​െൻറ കണ്ണീരിൽ നിന്നാണ്​​ ട്രാക്​ടർ റാലിയോടെ ഒടുങ്ങുമെന്ന്​ കരുതിയ കർഷക സമരം വീണ്ടും ഉയിർത്തെഴുന്നേറ്റത്​.

രാകേഷ് സിങ് ടിക്കായത്തിന്റെ പേരിൽ ബന്ധപ്പെട്ടിരിക്കുന്ന 'ടിക്കായത്ത്' എന്ന വാക്ക് ഏതെങ്കിലും ജാതിയെ സൂചിപ്പിക്കുന്നില്ല. പടിഞ്ഞാറൻ ഉത്തർപ്രദേശ്, പഞ്ചാബ്-ഹരിയാന പ്രദേശങ്ങളിൽ, ജാതി-നേതാക്കൾ ഒരു പഞ്ചായത്ത് വഴി തിരഞ്ഞെടുത്ത ജാതി നേതാക്കൾക്കായി ഈ പദം ഉപയോഗിച്ചിരുന്നു. വംശീയ താൽപ്പര്യങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കാൻ ഈ നേതാവ് പറഞ്ഞ കാര്യങ്ങളിൽ എല്ലായ്‌പ്പോഴും ഉറച്ചുനിൽക്കുമെന്ന് വിശ്വസിക്കപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹത്തിന് ടിക്കായത്ത് എന്ന പേര് നൽകിയത്. അതിനർത്ഥം അദ്ദേഹത്തിന്റെ വാക്കിൽ ഉറച്ചുനിൽക്കുമെന്നാണ്. പിൽക്കാലത്ത് ടിക്കായത്ത് ചൗധരിയെ തിരഞ്ഞെടുക്കുന്നത് ഒരു പാരമ്പര്യമായിത്തീർന്നു. പിന്നീട് ഇത് കുടുംബപ്പേര് പോലെ സ്വീകരിക്കപ്പെട്ടു. ഇത് ആദ്യം സ്വീകരിച്ചത് രാകേഷ് സിങ് ടിക്കായത്തിന്റെ പിതാവ് മഹേന്ദ്ര സിങ് ടിക്കായത്ത് ആണ്. കുടുംബപ്പേരുകൾ തിരഞ്ഞെടുക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലാത്തതിനാൽ പിന്നീട് മഹേന്ദ്ര സിങ് ടിക്കായത്തിന്റെ എല്ലാ പുത്രന്മാരും ഇത് അവരുടെ പേരുകളിൽ ചേർത്തു.

രാകേഷ് സിങ് ടിക്കായത്തിനൊപ്പം പൊതു വികാരത്തിന്റെ വേലിയേറ്റം ഉയർന്നത്, കർഷകർക്കിടയിൽ അദ്ദേഹം തന്റെ പ്രതിച്ഛായയെ വളരെയധികം മെച്ചപ്പെടുത്തി. കർഷകരിൽ നിന്ന് ലഭിച്ച പിന്തുണയെത്തുടർന്ന് പ്രസ്ഥാനം ശക്തമാക്കാനുള്ള ഒരുക്കങ്ങൾ രാകേഷ് ടിക്കായത്ത് നടത്തി. പ്രതിപക്ഷ നേതാക്കൾക്കൊപ്പം കർഷകരുടെ പിന്തുണയും രാകേഷ് ടിക്കായത്തിന് ലഭിച്ച രീതി, വരും ദിവസങ്ങൾ സർക്കാരിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ് എന്ന് വ്യക്തമാണ്.