ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായി സമരംചെയ്യുന്ന സംയുക്ത കർഷക യൂണിയൻ നവംബർ 29-ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. സംയുക്ത കിസാൻ മോർച്ചയുടെ ഒൻപതംഗ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ഗസ്സിപുർ, തിക്രി അതിർത്തികളിൽ സമരംചെയ്യുന്ന കർഷകർ 29-ന് അവരുടെ ട്രാക്റ്ററുകളിൽ പാർലമെന്റിലേക്ക് തിരിക്കും. എവിടെ തടയുന്നുവോ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചു.

നവംബർ 26-നകം നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരത്തിന്റെ തീവ്രത വർധിപ്പിക്കുമെന്നും കർഷ സംഘടനകൾ സർക്കാരിന് മുന്നറിയിപ്പ് നൽകി.

കേന്ദ്ര സർക്കാരിന് നവംബർ 26 വരെ സമയമുണ്ട്. 27 മുതൽ കർഷകർ ഗ്രാമങ്ങളിൽ നിന്ന് ട്രാക്ടറുകളിൽ ഡൽഹി അതിർത്തികളിലെ സമര സ്ഥലങ്ങളിലെത്തി ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഈ മാസം ആദ്യം കർഷക നേതാവ് രാകേഷ് ടികായത്ത് ട്വീറ്റ് ചെയ്തിരുന്നു.