കശ്മീർ : കോവിഡ് ബാധിതനായ ജമ്മുകശ്മീർ മുന്മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ നിർദേശത്തെതുടർന്നാണ് ഫറൂഖിനെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞു.

കൂടുതൽ പരിചരണം വേണ്ടതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഒമർ അബ്ദുള്ള അറിയിച്ചു. 85 കാരനായ ഫറൂഖ് അബ്ദുള്ളയ്ക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

നാഷണൽ കോൺഫറൻസ് പ്രസിഡന്റാണ് ഫറൂഖ് അബ്ദുള്ള. എത്രയും വേഗം ഫറൂഖ് അബ്ദുള്ള സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ അറിയിച്ചു.