കൊച്ചി: ഫാസ്ടാഗ് അക്കൗണ്ടിൽ പണമുള്ളപ്പോഴും മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ വാഹനം തടഞ്ഞുനിർത്തി പിഴയടക്കം തുക ഈടാക്കിയതിനെതിരേ യാത്രക്കാരൻ നിയമ നടപടിക്ക്. കുമ്പളങ്ങി സ്വദേശി സെജി മൂത്തേരിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ശനിയാഴ്ച കുമ്പളം ടോൾപ്ലാസയിൽ വച്ചാണ് സെജിയെ ഫാസ്ടാഗ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ തടഞ്ഞത്. ഫെബ്രുവരിയിലാണ് സെജി ഫാസ്ടാഗ് എടുത്തത്. 500 രൂപ ഇതിനായി ബാങ്കിൽ നല്കി. സർവീസ് ചാർജായി 300 രൂപ ബാങ്ക് ഈടാക്കി. മിനിമം തുകയായ 200 രൂപ അക്കൗണ്ടിലുണ്ടെന്നും പറഞ്ഞു. ഒരു ദിവസം അരൂർ ടോൾപ്ലാസയിലൂടെ കാറുമായി പോയപ്പോൾ 40 രൂപ അക്കൗണ്ടിൽനിന്ന് ഈടാക്കിയിരുന്നു.

ശനിയാഴ്ച വീണ്ടും എത്തിയപ്പോൾ ടോൾപ്ലാസ ജീവനക്കാർ തടഞ്ഞു. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്നും അതിനാൽ പിഴയടക്കം 80 രൂപ നല്കിയാലെ വാഹനം കടത്തിവിടുകയുള്ളൂ എന്നുമായിരുന്നു നിലപാട്. ഫാസ്ടാഗ് അക്കൗണ്ടിൽ 160 രൂപ ഉള്ളപ്പോഴായിരുന്നു ഇതെന്ന് സെജി പറഞ്ഞു. തുടർന്ന് അഡ്വ. ഡി.ബി. ബിനു വഴി ഉപഭോക്തൃ കോടതിയെ സമീപിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. അക്കൗണ്ടിൽ പണം ഉള്ളപ്പോൾ പിഴ ഈടാക്കുന്നത് അനുചിതമായ വ്യാപാര നടപടിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സെക്യൂരിറ്റി തുകയായിട്ടാണ് ഇത്തരത്തിൽ മിനിമം തുക അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന് പറയുന്നത്. അത്തരമൊരു നിർദ്ദേശം ടോളിന്റെ കാര്യത്തിൽ നിലനിൽക്കുകയില്ലെന്നും പരാതിയിലുണ്ട്. ദേശീയപാത അധികൃതരുടെ സൈറ്റിൽ ബാങ്കുകൾ ഫാസ്ടാഗിന്റെ സർവീസ് ചാർജായി 100 രൂപയെ ഈടാക്കാവൂ എന്നാണ് നിർദ്ദേശം. എന്നാൽ ഓരോ ബാങ്കും 200 മുതൽ 300 രൂപ വരെ സർവീസ് ചാർജായി ഈടാക്കുന്നതും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.