ലക്‌നൗ: ഉത്തർപ്രദേശിൽ ഡാമിന് സമീപമുള്ള കനാലിൽ വീണ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി അദ്ധ്യാപികയും പിതാവും മുങ്ങി മരിച്ച ു. ഒഴുക്കിൽപ്പെട്ട അഞ്ചു വയസ്സുകാരിയെ ബഹളം കേട്ട് എത്തിയ നാട്ടുകാർ രക്ഷപ്പെടുത്തി.തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് നസിയ കോട്ടേജിൽ നസിയ ഷാരോൺ (31) , പിതാവ് ടി.പി. ഹസൈനാർ (61) എന്നിവരാണു മരിച്ചത്.

ലളിത്പുർ തൽബെഹത്ത് കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ലിഷ് അദ്ധ്യാപികയും യുവ കഥാകൃത്തുമായ നസിയ പിതാവുമൊത്ത് മകളെ കളിപ്പിക്കാൻ ഡാമിനു സമീപമുള്ള പാർക്കിലെത്തിയതായിരുന്നു. കളിക്കുന്നതിനിടെ നസിയയുടെ ഏക മകളായ ഫൈസി അബദ്ധത്തിൽ വെള്ളത്തിൽ വീഴുക ആയിരുന്നു. ഒഴുക്കിൽപ്പെട്ട ഫൈസിയെ രക്ഷിക്കാൻ നസിയയും പിതാവും വെള്ളത്തിലേക്ക് എടുത്തു ചാടി എങ്കിലും ഒഴുക്കിൽപ്പെട്ടു മുങ്ങി പോയി. കുട്ടിയെ ഗ്രാമവാസികൾ രക്ഷിച്ചു. നസിയയുടെയും ഹസൈനാരുടെയും മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ദ്ധർ കണ്ടെടുത്തു.

ലളിത്പുർ മാതടില അണക്കെട്ടിനോടു ചേർന്ന വെള്ളച്ചാട്ടത്തിനു താഴെയുള്ള സീതാകുണ്ടിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തും. കബറടക്കം കാരേറ്റ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

ലളിത്പുരിലെ കേന്ദ്രീയ വിദ്യാലയത്തിൽ മൂന്ന് വർഷം മുൻപാണു നസിയ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്. വിജയ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണു ഹസൈനാർ. മകൾക്കൊപ്പം താമസിക്കാനാണു ലളിത്പൂരിലെത്തിയത്.

നസിയയുടെ ആദ്യ ഇംഗ്ലിഷ് കഥാസമാഹാരം 5 വർഷം മുൻപാണു ആമസോൺ പുറത്തിറക്കിയത്. ഡിജിറ്റൽ സിനിമാ മേഖലയിൽ എൻജിനീയറായ ഷാരോൺ ആണ് ഭർത്താവ്. ഹസൈനാരുടെ ഭാര്യ: റാഫിയ (പുളിമാത്ത് ഗവ.എൽപിഎസ് അദ്ധ്യാപിക). മറ്റൊരു മകൾ: നദിയ.