തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളായ ഗോൾവാൾക്കറുടെയും വി.ഡി. സവർക്കറുടെയും പുസ്തകങ്ങൾ പി.ജി. സിലബസിൽ ഉൾപ്പെടുത്തിയ നടപടിയെ പിന്തുണച്ച കണ്ണൂർ യൂണിവേഴ്‌സിറ്റി എസ്.എഫ്.ഐ യൂണിയനെതിരെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. സംഘ് രാഷ്ട്രീയത്തിന് എന്തിനാണ് എസ്.എഫ്.ഐ ഓശാന പാടുന്നത്? സവർക്കർ ഫെഡറേഷൻ ഒഫ് ഇന്ത്യ എന്നാണോ എസ്.എഫ്.ഐയുടെ മുഴുവൻ പേര് എന്നും ഫാത്തിമ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫാത്തിമ തഹിലിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഹിന്ദുത്വം രാഷ്ട്രീയം പ്രചരിപ്പിക്കാൻ സംഘ് പരിവാർ പാഠപുസ്തകങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. സവർക്കറെയും ഗോൾവാൾക്കെയും പാഠപുസ്തകങ്ങളിലൂടെ വിദ്യാർത്ഥി മനസുകളിലേക്ക് ഒളിച്ചു കടത്താനുള്ള നീക്കം രാജ്യത്തെ മതേതര സമൂഹം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പക്ഷേ സവർക്കറെയും ഗോൾവാൾക്കറെയും പഠിക്കണമെന്നാണ് എസ്.എഫ്.ഐ പറയുന്നത്. സംഘ് രാഷ്ട്രീയത്തിന് എന്തിനാണ് എസ്.എഫ്.ഐ ഓശാന പാടുന്നത്? സവർക്കർ ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നാണോ എസ്.എഫ്.ഐയുടെ മുഴുവൻ പേര്?