കൊച്ചി: തലശേരി ഫസൽ വധക്കേസിൽ പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചു. മൂന്നു മാസത്തിന് ശേഷം ഇരുവർക്കും എറണാകുളം ജില്ലക്ക് പുറത്തു പോകാം എന്നാണ് ഇളവിൽ വ്യക്തമാക്കിയത്. എന്നാൽ, കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മൂന്നു മാസം കൂടി ജില്ലയിൽ തുടരണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

2013 നവംബറിൽ ഫസൽ കേസിൽ കോടതി ജാമ്യം അനുവദിച്ചപ്പോൾ രണ്ടു പ്രതികളും എറണാകുളം ജില്ല വിട്ടുപോകരുതെന്ന് നിർദേശിച്ചിരുന്നു. ഇത് പ്രകാരം ജില്ലയിൽ തന്നെ താമസിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ നിരവധി തവണ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി രാജനും ചന്ദ്രശേഖരനും കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.

ഹൈക്കോടതിയുടെ നിർദേശ പ്രകാരം ഫസൽ വധക്കേസ് സിബിഐയുടെ പ്രത്യേക സംഘത്തിന്റെ തുടരന്വേഷണം നടക്കുകയാണ്. ഫസലിന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരനാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികളുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നതിനെ കോടതിയിലെ വാദത്തിനിടെ സിബിഐ എതിർത്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് സിബിഐ വാദിച്ചത്.