മുംബൈ: എൻസിപി നേതാവ് ശരദ് പവാറിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് അറസ്റ്റിലായ മറാത്തി നടി കേതകി ചിതാലെയുടെ കസ്റ്റഡി കാലാവധി നീട്ടി. ജൂൺ ഏഴ് വരെ നടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാൻ കോടതി ഉത്തരവിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

29-കാരിയായ ചിതാലെ മെയ് 15-നായിരുന്നു അറസ്റ്റിലായത്. ശരദ് പവാറിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടുവെന്ന് ചൂണ്ടിക്കാട്ടി താനെ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. എൻസിപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ശിവസേനയും എൻസിപിയും തമ്മിലുള്ള ശത്രുത നടിയുടെ പോസ്റ്റ് മൂലം വർധിക്കാൻ സാധ്യതയുണ്ടെന്നും സ്വപ്നിൽ നെട്ക എന്ന എൻസിപി പ്രവർത്തകൻ നൽകിയ പരാതിയിൽ പറയുന്നു. നരകം നിങ്ങളെ കാത്തിരിക്കുന്നു, നിങ്ങൾ ബ്രാഹ്മണരെ വെറുക്കുന്നു തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തിയത് ശരദ് പവാറിനെ ഉദ്ദേശിച്ചുകൊണ്ടാണെന്നാണ് പരാതി.

കേസിനാസ്പദമായ ഫേസ്‌ബുക്ക് പോസ്റ്റ് യഥാർത്ഥത്തിൽ നിതിൻ ഭാവെ എന്ന അഭിഭാഷകനാണ് ഫേസ്‌ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് നടി ചെയ്തത്. ഇതിന്റെ പേരിലാണ് നടിക്കെതിരെ പരാതി നൽകിയതും തുടർന്ന് അവർ അറസ്റ്റിലായതും. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നടിക്കെതിരെ ആകെ 15 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.