കൊച്ചി: റിലീസ് ആവുന്നതിന് മുൻപേ ചിത്രത്തിന് മോശം റിവ്യൂ നൽകിയ വിമർശകന് മറുപടിയുമായി നടൻ അജു വർഗീസ്. ചിത്രം മോശമാണെന്നും പൈസ തിരിച്ചു തരണം എന്നു പറഞ്ഞുകൊണ്ടാണ് ഒരാൾ കമന്റ് ചെയ്തത്. അതിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് താരം മറുപടി കുറിച്ചത്. അജു വർഗീസ് നായകനായി എത്തുന്ന 'സാജൻ ബേക്കറി സിൻസ് 1962' എന്ന ചിത്രത്തെക്കുറിച്ചാണ് നെഗറ്റീവ് പബ്ലിസിറ്റി എത്തിയത്. നാളെയാണ് ചിത്രത്തിന്റെ റിലീസ്.

സാജൻ ബേക്കറി ഒരു തിയറ്ററിൽ ഓപണിങ് ചിത്രമായി പ്രദർശിപ്പിക്കുന്നതിനെക്കുറിച്ച് അജു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് കമന്റ് വന്നത്. 'എന്ത് ഊള പടമാണ് മിസ്റ്റർ ഇത്. ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല. ഞാൻ ഈ പടം കാണാൻ പോയി എന്റെ പൈസ പോയി അതുകൊണ്ട് നിങ്ങൾ തന്നെ ആ പൈസ എനിക്ക് തിരിച്ചു തരണം'- എന്നായിരുന്നു കമന്റ്.

ഇതിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് 'വളരെ മികച്ച ഒരു ഇത്.. ഇറങ്ങുന്നതിനു മുന്നേ തന്നെ' എന്നാണ് അജു കുറിച്ചത്. തുടർന്ന് താരത്തെ പിന്തുണച്ചുകൊണ്ടാണ് നിരവധി സിനിമ പ്രേമികൾ കമന്റ് ചെയ്തു.