ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ സിനിമ വൻ കളക്ഷൻ റെക്കോർഡ് ആണ് നേടിയത്. വിദേശത്തും സ്വദേശത്തുമായി നിരവധി അവാർഡുകഴും ഈ സിനിമ സ്വന്തമാക്കി. മേപ്പടിയാൻ പുറത്തിറങ്ങി ഒരു വർഷത്തോട് അടുക്കുമ്പോൾ തനിക്കൊപ്പം ഈ വിജയത്തിനായി പ്രവർത്തിച്ച സംവിധായകൻ വിഷ്ണു മോഹന് ഏറ്റവും മികച്ച സമ്മാനം നൽകി ആദരിച്ചിരിക്കുകയാണ് ഈ സിനിമയുടെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ.

മെഴ്സിഡീസ് ബെൻസ് ജി.എൽ.എ 200 ആണ് ഉണ്ണി മുകുന്ദൻ തന്റെ വിജയ സംവിധായകന് സമ്മാനമായി നൽകിയിരിക്കുന്നത്. ബെൻസിന്റെ എസ്.യു.വി. നിരയിലെ കുഞ്ഞൻ മോഡലാണ് ജി.എൽ.എ.200. കേരളത്തിലെ മുൻനിര പ്രീഓൺഡ് കാർ ഡീലർഷിപ്പായ റോയൽ ഡ്രൈവിൽ നിന്നാണ് ഉണ്ണി മുകുന്ദൻ ഈ വാഹനം വിഷ്ണു മോഹനായി തിരഞ്ഞെടുത്തത്. സുഹൃത്തുകൾക്കൊപ്പം എത്തിയാണ് വാഹനം ഏറ്റുവാങ്ങിയത്.

ഉണ്ണി മുകുന്ദൻ-വിഷ്ണു മോഹൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായി ലഭിച്ച നേട്ടങ്ങൾ ഒരോന്നായി കുറിച്ചതിനൊപ്പമാണ് വാഹനം കൈമാറുന്നതിന്റെ ചിത്രവും പങ്കുവെച്ചിരിക്കുന്നത്. ഇത് വളരെ വൈകിയാണ് നിങ്ങളുടെ കൈയിൽ എത്തുന്നത്. ഇത് കേവലം എന്റെ സമ്മാനമല്ല, നിങ്ങൾ ഇത് അർഹിക്കുന്നു. എന്നിങ്ങനെയുള്ള അഭിനന്ദന കുറിപ്പോടെയാണ് ഉണ്ണി മുകുന്ദൻ വാഹനത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.