ടൊയോട്ടോയുടെ ഏറ്റവും പുതിയ വാഹനമാണ് ഇന്നോവ ഹൈക്രോസ് എന്ന എംപി.വി. എന്നാൽ ഈ വാഹനത്തെ കുറിച്ചുള്ള ഒരു സൂചനയും ഇതുവരെ കമ്പനി പുറത്തു വിട്ടിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഈ വാഹനത്തിന്റെ ടീസർ ചിത്രം പുറത്തിറക്കിയിരിക്കുകയാണ് ടൊയോട്ട ഇൻഡൊനീഷ്യ. വാഹനത്തിന്റെ മുഖഭാവം വെളിപ്പെടുത്തിയിട്ടുള്ള ടീസർ ചിത്രമാണ് ടൊയോട്ട പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ നിരത്തുകളിൽ ഉണ്ടായിരുന്ന ഇന്നോവ ക്രിസ്റ്റ പോലുള്ള മോഡലിൽ നിന്ന് വ്യത്യസ്തമായി വിദേശ രാജ്യങ്ങളിലും മറ്റും എത്തിയിട്ടുള്ള കൊറോള ക്രോസിന് സമാനമായ മുൻവശമാണ് ഇന്നോവ ഹൈക്രോസിലുള്ളത്.

വലിപ്പമേറിയ ഹെക്സഗണൽ ഗ്രില്ലാണ് ഹൈക്രോസിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. എൽ ഷേപ്പിലുള്ള രണ്ട് ഇൻസേർട്ടുകൾ നൽകിയിട്ടുള്ള പുതിയ എൽ.ഇ.ഡി. ഹെഡ്ലാമ്പ് യൂണിറ്റും ടീസറിൽ കാണാം. മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ഈ വാഹനത്തിന്റെ ആഗോള അവതരണം നവംബർ മാസത്തിൽ നടക്കുമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ ഈ വാഹനം ഇൻഡൊനീഷ്യൻ നിരത്തുകളിൽ എത്തുമെന്നും പിന്നാലെ മാത്രമേ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ എത്തുവെന്നും ഉറപ്പായി കഴിഞ്ഞു.

അതേസമയം വാഹനത്തിന്റെ മറ്റ് ഭാഗങ്ങൾ ഇപ്പോഴും മറയ്ക്കുള്ളിൽ തന്നെയാണ്. ക്രിസ്റ്റയിൽ നൽകാൻ സാധിക്കാതിരുന്ന പല ഫീച്ചറുകളും നൽകിയായിരിക്കും ഹൈക്രോസിന്റെ അകത്തളം ഒരുങ്ങുകയെന്നാണ് വിവരം. എൽ.ഇ.ഡിയിൽ തീർത്തിട്ടുള്ള ടെയ്ൽലാമ്പ്, 10 സ്പോക്ക് അലോയി വീൽ, റിയർ സ്പോയിലർ, റൂഫ് റെയിൽസ് തുടങ്ങിവയും ഈ വാഹനത്തിൽ നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.7 മീറ്റർ നീളമായിരിക്കും ഈ വാഹനത്തിൽ നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2850 എം.എം. എന്ന ഉയർന്ന വീൽബേസും ഇതിൽ നൽകിയേക്കും. ഇന്നോവയിലെ ഏതാനും ഫീച്ചറുകൾ കൂടി ഇതിൽ നൽകിയേക്കും.

360 ഡിഗ്രി ക്യാമറ, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജിങ്ങ്, താരതമ്യേന വലിപ്പമേറിയ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, വയർലെസ് കണക്ടിവിറ്റി സംവിധാനങ്ങൾ എന്നിവയും ഈ വാഹനത്തിന്റെ അകത്തളത്തിൽ നൽകും. ഒന്നാം നിരയിലെ സീറ്റുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനത്തിനൊപ്പം രണ്ടാം നിരയിലും മികച്ച ക്യാപ്റ്റൻ സീറ്റുകളൊരുങ്ങും.