ടാറ്റ...

ഓരോ ഇന്ത്യക്കാരനും അഭിമാനമുണർത്തുന്ന പേര്. ഇന്ന് സാക്ഷാൽ രത്തൻ നേവൽ ടാറ്റയുടെ 85ആം ജന്മദിനമാണ്. 154 വർഷത്തെ ബിസിനസ് പാരമ്പര്യം. ആറു ഭൂഖണ്ഡങ്ങളിൽ, 175 രാജ്യങ്ങളിൽ, ഉപ്പു മുതൽ സ്റ്റീൽ വരെ, കാറു മുതൽ വിമാനം വരെ. താജ് എന്ന ആഡംബര ഹോട്ടൽ ശൃംഖലകൾ. രാജ്യത്തെ ഏറ്റവും വലിയ സ്വർണ ശൃംഖല, തനിഷ്‌ക്, ടൈറ്റാൻ. ടെറ്റ്ലി എന്ന ലോകത്തിലെ രണ്ടാമത്തെ വലിയ തേയില കമ്പനി. ഊർജ്ജ, കെമിക്കൽ രംഗത്തെ അതികായകർ. ബുർജ് ഖലീഫയുടെ അടക്കം ലോകത്തെ എണ്ണം പറഞ്ഞ സ്ഥാപനങ്ങളുടെ എയർകണ്ടീഷൻ ടാറ്റയുടെതാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്ന്... ടാറ്റ കൺസൾട്ടൻസി. ടാറ്റ കമ്മ്യൂണിക്കേഷൻസ് ലോകത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ വോയിസ് കാരിയറാണ്.

ടാറ്റ AIA ഇൻഷുറൻസ് രംഗത്തെ ലോക ജേതാക്കൾ ആകാൻ കുതിക്കുന്നു... ലോകത്തെ പ്രധാന ബിസിനസ് മേഖലകളിൽ എല്ലാം സാന്നിധ്യമുള്ള ടാറ്റ ഗ്രൂപ്പിന് 100-ലധികം ഓപ്പറേറ്റിങ് കമ്പനികളുണ്ട്, അതിൽ ഇരുപത്തിയൊമ്പതും ഇന്ത്യയിൽ പരസ്യമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി... ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിൽ ഒന്ന്...ഫോബ്‌സ് പട്ടികയിലെ ലോകത്തിലെ ഏറ്റവും മികച്ച 100 പ്രശസ്ത കമ്പനികളിൽ ടാറ്റ ഗ്രൂപ്പ് 11-ാം സ്ഥാനത്തായിരുന്നു...
അനേകായിരം കോടികൾക്ക് സാധ്യതയുണ്ടായിരുന്നിട്ടുംടാറ്റ ഒരിക്കലും പുകയിലയിലോ മദ്യത്തിലോ നിക്ഷേപിച്ചില്ല.

ഇന്ത്യ ആദ്യമായി നിർമ്മിച്ച കാർ ടാറ്റയുടേത് ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ,പൈലറ്റ് ലൈസൻസ് ഹോൾഡർ ആയ ജെആർഡി ടാറ്റ യാണ് ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനി സ്ഥാപിച്ചത്. പിന്നീട് ദേശസാൽക്കരിക്കപ്പെട്ട് എയർ ഇന്ത്യ ആയി മാറിയ കമ്പനി ചരിത്ര നിയോഗം എന്നപോലെ വീണ്ടും ടാറ്റയുടെ കൈവശം വന്നുചേർന്നിരിക്കുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ വാഹനങ്ങൾ ടാറ്റയുടേതാണ്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ നിർമ്മിച്ചു സാധാരണക്കാരിൽ സാധാരണക്കാരന് പ്രാപ്തമാക്കി. ബ്രിട്ടീഷ് ഓട്ടോമൊബൈൽ കമ്പനിയായ ജാഗ്വാർ ലാൻഡ് റോവർ ഏറ്റെടുത്ത് മറ്റൊരു ഒപ്പിട്ടു. ആംഗ്ലോ-ഡച്ച് സ്റ്റീൽ നിർമ്മാതാക്കളായ കോറസ് ഗ്രൂപ്പിനെ ഏറ്റെടുത്തുകൊണ്ട് ടാറ്റ ഏറ്റവും വലിയ കോർപ്പറേറ്റ് ഏറ്റെടുക്കൽ പൂർത്തിയാക്കി. 12 ബില്യൺ യുഎസ് ഡോളറിനാണ് ടാറ്റ കമ്പനിയെ ഏറ്റെടുത്തത്.

ടാറ്റയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 314 ബില്യൺ ഡോളറാണ്... അതായത് 23.4 ട്രില്യൺ രൂപ. പൂജ്യങ്ങൾ ഇട്ടു തീരാൻ സമയമെടുക്കും. ഇന്ത്യയിലെ ഏറ്റവും വലിയ നികുതി ദായകർ... ഒരു രൂപ പോലും നികുതിവെട്ടിക്കാത്ത കമ്പനി. ഇന്ത്യയെ വസൂരി വിമുക്തമാക്കുന്നതിൽ ലോകാരോഗ്യ സംഘടനയോടൊപ്പം പ്രവർത്തിച്ച കമ്പനി.

രത്തൻ ടാറ്റയുടെയും ധീരുഭായ് അംബാനിയുടെയും ജന്മദിനം ഒന്നാണ്... പക്ഷെ ടാറ്റ കമ്പനികൾ ഇന്ത്യയിലെ വൻകിട കമ്പനികളായ റിലയൻസ്, ആദിത്യ ബിർള എന്നിവയെക്കാളും സീമെൻസ്, മിത്സുബിഷി, ജിഇ, ബെർക്ഷെയർ ഹാത്വേ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ സമാന കൂട്ടായ്മകളേക്കാളും കൂടുതൽ സമ്പത്ത് ഷെയർഹോൾഡർമാർക്കായി സൃഷ്ടിച്ചു. ടാറ്റയുടെ വരുമാനത്തിന്റെ 66 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്നതിനാൽ ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ ടാറ്റയെ കണക്കാക്കുന്നില്ല.

2021-ൽ നൂറ്റാണ്ടിലെ ഹുറൂൺ മനുഷ്യസ്നേഹികൾ എന്ന പദവിയും സർ ജംഷഡ്ജി ടാറ്റയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ച ഏക വ്യവസായി ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്ന ജെആർഡി ടാറ്റയാണ്. പത്മവിഭൂഷൺ അടക്കം നൂറുകണക്കിന് അവാർഡ് ജേതാവായ രത്തൻ ടാറ്റയുടെ പത്താം വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞു... പിതാവ് ദത്ത് പുത്രനായിരുന്നു. വല്യമ്മ വളർത്തിയ ടാറ്റ വിവാഹം കഴിച്ചിട്ടില്ല...! കുട്ടികളുമില്ല...
അതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: 'ഞാൻ നാല് തവണ വിവാഹിതനാകാൻ അടുത്തു, ഓരോ തവണയും ഭയത്താൽ അല്ലെങ്കിൽ ഒരു കാരണത്താൽ അല്ലെങ്കിൽ മറ്റൊരു കാരണത്താൽ ഞാൻ പിന്മാറി.'

ലോകമെമ്പാടും ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ എത്ര എഴുതിയാലും തീരില്ല...ഒൻപതു ലക്ഷത്തി മുപ്പത്തി അയ്യായിരം സംതൃപ്ത ജീവനക്കാർ...
ടാറ്റ എന്ന വട വൃക്ഷത്തിലെ ഒരു ഇലയാണെന്നത് അഭിമാനം പകരുന്നു.

സസ്‌നേഹം
ജോസ് മാത്യു നേര്യംപറമ്പിൽ