ദോഹ: രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് കുറക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് ഖത്തർ ചേംബർ ഫസ്റ്റ് വൈസ് പ്രസിഡന്റും ഖത്തർ ചേംബറിലെ എജുക്കേഷൻ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ അഹ്മദ് ബിൻ തവാർ അൽ കുവാരി വ്യക്തമാക്കി. സ്‌കൂൾ ഉടമകൾക്ക് സാമ്പത്തിക ബാധ്യതകളുള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ഫീസ് കുറക്കാനിടയില്ല. എന്നാൽ, ഭാവിയിൽ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ വരുകയാണെങ്കിൽ ചിലപ്പോൾ ഫീസ് കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫീസ് കുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടണമെന്നും നിക്ഷേപങ്ങൾക്കായി കൂടുതൽ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപകരിൽ നിന്നും അപേക്ഷകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റുകളുടെ ലഭ്യതയും ആവശ്യകതയും അനുസരിച്ച് സ്‌കൂൾ ഫീസ് ക്രമീകരിക്കുന്നതിന് ഉദാര സമീപനം സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.