ബാഗ്ദാദ്: ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വനിതാ ഡോക്ടർ റിഹാം യാക്കൂബിനെ ബുധനാഴ്ച അജ്ഞാതർ കൊലപ്പെടുത്തി. റിഹാമും സുഹൃത്തുക്കളും കാറിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കിലെത്തിയ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ റിഹാമിനൊപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു. ഇറാഖിലെ ബസ്റയിലാണ് ഡോക്ടറായ റിഹാം യാക്കൂബ സേവനം ചെയ്തിരുന്നത്.

സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ സജീവമായ ആക്ടിവിസ്റ്റുകൾക്ക് നേരേ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാംതവണയാണ് ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആക്ടിവിസ്റ്റായ തഹ്സീൻ ഒസാമയും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെ ബസ്റയിലെ പൊലീസ് മേധാവിയെയും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി പുറത്താക്കിയിരുന്നു. തെരുവിലിറങ്ങുകയും ഗവർണറുടെ വസതിക്ക് നേരേ ബോംബെറിയുകയും ചെയ്ത പ്രതിഷേധക്കാർ ഇതോടെയാണ് ശാന്തരായത്. ഈ സംഭവത്തിന്റെ നടുക്കം മാറും മുൻപേയാണ് വനിതാ ഡോക്ടറും കൊല്ലപ്പെട്ടത്.

2018 മുതൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിലും പൊതുരംഗത്തും സജീവമായിരുന്നു റിഹാം യാക്കൂബ്. ബസ്റയിൽ വനിതകൾ അണിനിരന്ന ഒട്ടേറെ മാർച്ചുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. നേരത്തെ യുഎസ് കോൺസുലേറ്റ് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുത്തതിനും റിഹാമിന് വധഭീഷണിയുണ്ടായിരുന്നു.

സർക്കാരിന്റെ അഴിമതി ഭരണം അവസാനിപ്പിക്കുക, വർധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക, ഇറാഖ് രാഷ്ട്രീയത്തിൽ ഇറാനുള്ള അനാവശ്യ സ്വാധീനം അവസാനിപ്പിക്കുക, ഇറാഖിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇറാഖിലെ ജനങ്ങൾ തെരുവിലിറങ്ങിയത്. അതുപോലെ ഇറാനും യുഎസുമായുള്ള സംഘർഷത്തിലേക്ക് ഇറാഖ് ജനതയെ വലിച്ചിഴയ്ക്കുന്നതായും ഇത് നിരവധി പേരുടെ ജീവൻ അപഹരിക്കുന്നതായും ഇറാഖ് ജനത ഭയപ്പെട്ടിരുന്നു.