ലണ്ടൻ: സൂപ്പർകാറുകളെ പ്രണയിക്കുന്നവർ ആവേശപൂർവം കാത്തിരുന്ന ഫെരാരിയുടെ മോൺസ എന്ന ഏറ്റവും പുതിയ കാറിന്റെ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ലോകത്ത് 500 ഭാഗ്യവാന്മാർക്ക് മാത്രം ലഭിക്കുന്ന ഈ സൂപ്പർ കാറിന്റെ ചിത്രങ്ങളും വീഡിയോകളും ഫെരാരിയുടെ ഏറ്റവും വിശ്വസ്തരായ ഉപഭോക്താക്കൾക്കായാണ് കമ്പനി പങ്കുവെച്ചത്. 1950-കളിലെ റെയ്‌സിങ് കാറുകളുടെ ഡിസൈന്റെ ചുവടുപിടിച്ചാണ് മോൺസയുടെ രൂപകൽപന.

കാറിൽ എത്ര സീറ്റ് വേണമെന്ന് വാങ്ങുന്നവർക്ക് തീരുമാനിക്കാമെന്നതാണ് പത്തുകോടി രൂപ വിലയുള്ള ഈ കാറിന്റെ പ്രത്യേകത. എസ്‌പി1 എന്നതിൽ ഒരാൾക്കുമാത്രമേ യാത്ര ചെയ്യാനാവൂ. എസ്‌പി2 രണ്ട് സീറ്റുള്ള മോഡലാണ്. രണ്ട് മോഡലുകൾക്കും മേൽക്കൂരയില്ല. ഫോർമുല വൺ കാർ ഡ്രൈവ് ചെയ്യുന്ന അതേ മാനസികാവസ്ഥയാകും മോൺസ പകരുകയെന്നും ഫെരാരി വാഹനപ്രേമികൾക്ക് ഉറപ്പുനൽകുന്നു.

ഫെരാരിയുട ആസ്ഥാനത്തുനടന്ന പ്രദർശനത്തിലാണ് കാറിന്റെ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടത്. ഫെരാരിയുടെ ഏറ്റവും വിശ്വസ്തരായ ഉപഭോക്താക്കൾക്കും കാർ പ്രേമികൾക്കുമായാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന് ഫെരാരി വ്യക്തമാക്കി. പത്തുകോടി രൂപ വിലയുള്ള 500 കാറുകൾ മാത്രമേ നിർമ്മിക്കൂവെന്നും ഫെരാരി പറയുന്നു. ഫെരാരി നിർമ്മിച്ച ഏറ്റവും ശക്തിയേറിയ എൻജിനാണ് ഈ കാറിൽ ഉപയോഗിച്ചിരിക്കുന്നതെന്നും നിർമ്മാതാക്കൾ പറയുന്നു.

ഫെരാരി 812 സൂപ്പർഫാസ്റ്റ് മോഡലിൽ ഉപയോഗിച്ചിട്ടുള്ള തരം 810 എച്ച്പിയുടെ 6.5 ലിറ്റർ വി12 എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 2.9 സെക്കൻഡിൽ 62 മൈൽ വേഗത കൈവരിക്കാൻ ശേഷിയുള്ള എൻജിനാണിത്. 7.9 സെക്കൻഡിൽ 124 മൈൽ വേഗമാർജിക്കാനും മോൺസയ്ക്കാവും. മണിക്കൂറിൽ 211 മൈൽ വേഗത്തിൽ കുതിക്കാൻ മോൺസയ്ക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാർബൺ ഫൈബറിലാണ് കാറിന്റെ ബോഡി പൂർണമായും ചെയ്തിരിക്കുന്നത്. ഷാസിയും മറ്റും അലൂമിനയത്തിലാണെന്നത് കാറിന്റെ ഭാരം കുറയ്ക്കുന്നു. മേൽക്കൂര കൂടി ഇല്ലാതാകുന്നതോടെ ഭാരം കുറഞ്ഞ മോഡലായാണ് മോൺസ ഇറങ്ങുന്നത്. വിൻഡ്‌സ്‌ക്രീനും മേൽക്കൂരയുമില്ലാത്ത മോഡലായതിനാൽ, സാധാരണ കാറുകളെ വെല്ലുന്ന ഡിസൈനിലാണ് മോൺസ തയ്യാറാക്കിയിരിക്കുന്നത്.

വിവിധ കമ്പനികൾ ഇത്തരം എക്‌സ്‌ക്ലൂസീവ് മോഡലുകൾ മുമ്പും ഇറക്കിയിട്ടുണ്ട്. ജാഗ്വാർ 2015-ൽ ഇറക്കിയ എഫ്-ടൈപ്പ് പ്രോജക്ട് സെവൻ മോഡൽ 250 എണ്ണം മാത്രമാണ് വിപണിയിലെത്തിയത്. 2009-ൽ മേഴ്‌സിഡസ് ബെൻസ് എസ്എൽആർ സ്റ്റിർലിങ് മോസ് എന്ന മോഡൽ 75 എണ്ണം മാത്രമേ നിർമ്മിച്ചുള്ളൂ. എന്തുവിലകൊടുത്തും കാർ വാങ്ങുന്ന സെലിബ്രിറ്റികളെ ഉദ്ദേശിച്ചുള്ളതാണ് ഇത്തരം എക്‌സ്‌ക്ലൂസീവ് മോഡലുകൾ.