കിടിലൻ പെർഫോർമെൻസിനും ആഡംബരത്തിനും ഒട്ടും പിന്നിലല്ലാത്ത ഫെരാരി ഇനി ഇന്ത്യൻ മണ്ണിലും കരുത്തറിയിക്കും. ഇതുവരെ ഇറക്കിയതിൽ നിന്നും വ്യത്യസ്ഥമായ പുത്തൻ മോഡലായ പോർട്ടോഫിനോയുമായി ഫെരാരി എത്തുകയാണ്. ഫെരാരി ഇതു വരെ പുറത്തിറക്കിയിരിക്കുന്നതിൽ വില കുറഞ്ഞ കൺവേർട്ടബിൾ മോഡലാണ് ഇത്. ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ഏകദേശം മൂന്നര കോടി രൂപയാണ് കാറിന്റെ വില.

3.9 ലിറ്റർ ട്വിൻ ടർബോ v8 എൻജിനാണ് പോർട്ടോഫിനോയുടെ ഹൃദയം. 600 എച്ച്.പി കരുത്ത് 7500 ആർ.പി.എമ്മിലും 760 എൻ.എം ടോർക്കും 5250 ആർ.പി.എമ്മിലും എൻജിൻ നൽകും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 3.5 സെക്കൻഡ് മതി. മണിക്കൂറിൽ 320 കിലോ മീറ്ററാണ് പരമാവധി വേഗത. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്.

പുതിയ ചേസിസിലാണ് പോർട്ടോഫിനോ വിപണിയിലെത്തുന്നത്. ഇതിലുടെ വാഹനത്തിന്റെ ഭാരം 80 കിലോ ഗ്രാം കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. 14 സെക്കൻഡിൽ തുറക്കാനും അടക്കാനും കഴിയുന്ന റൂഫ്‌ടോപ്പാണ് മറ്റൊരു സവിശേഷത. ഇന്റീരിയറിൽ 10.2 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിന്മന്റെ് സിസ്റ്റവും ഉണ്ട്. 18 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകളാണ്.

യാത്രക്കാർക്കായി 8.8 ഇഞ്ച് ടച്ച് സ്‌ക്രീൻ സിസ്റ്റം ഓപ്ഷണലായി നൽകും. ലംബോർഗി ഹുറകാൻ സ്‌പൈഡർ, പോർഷേ 911 ടർബോ, ഔഡി ആർ 8 സ്‌പൈഡർ എന്നിവക്കാണ് ഫെരാരിയുടെ പുതിയ മോഡൽ വെല്ലുവിളി ഉയർത്തുക.