തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു. 75 തൊഴിൽ ദിനം പൂർത്തിയാക്കവർക്ക് ഉത്സവബത്ത ലഭിക്കും. ആയിരം രൂപയാണ് ഉത്സവബത്തയായി നൽകുക.

കഴിഞ്ഞ ദിവസം സർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചിരുന്നു. 4000 രൂപ ബോണസ് നൽകുക.ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉൽസവബത്ത നൽകും. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15000 രൂപ അനുവദിച്ചു.

ഇത് അഞ്ച് തുല്യഗഡുക്കളായി തിരിച്ചടയ്ക്കണം. പാർട്ട് ടൈം കണ്ടിജന്റ് ഉൾപ്പടെയുള്ള മറ്റ് ജീവനക്കാർക്ക് അഡ്വാൻസായി 5000 രൂപ നൽകും. സർവീസ് പെൻഷൻകാർക്ക് ആയിരം രൂപ പ്രത്യേക ഉത്സവബത്തയും അനുവദിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കഴിഞ്ഞതവണ ഓണത്തിന് അനുവദിച്ച അതേ നിരക്കിലാണ് ഇത്തവണയും ബോണസും ഉൽസവബത്തയും നൽകുന്നത്. കഴിവുള്ളവർ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചിരുന്നു.