കൊച്ചി: സിനിമകൾ പ്രദർശിപ്പിക്കണമെന്നു തന്നെയാണ് കേരളത്തിലെ ഓരോ തീയേറ്റർ ഉടമയുടെയും ആഗ്രഹമെന്ന് ഫിയോക് പ്രസിഡൻറ് ആൻറണി പെരുമ്പാവൂർ. എന്നാൽ അനുകൂല സാഹചര്യമൊരുക്കാൻ സർക്കാർ തയ്യാറാവണമെന്നും ആൻറണി പെരുമ്പാവൂർ ആവശ്യപ്പെട്ടു. 'മാസ്റ്റർ' റിലീസ് മുന്നിൽ കണ്ടുമാത്രം തീയേറ്റർ ധൃതിയിൽ തുറക്കേണ്ടതില്ലെന്ന സംഘടനയുടെ തീരുമാനത്തിന്റെ കാരണം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തീയേറ്റർ വ്യവസായത്തിന്റെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിനു ശേഷമാണ് ആൻറണി പെരുമ്പാവൂർ മാധ്യമപ്രവർത്തകരെ കണ്ടത്..

"സിനിമ പ്രദർശിപ്പിക്കണമെന്നു തന്നെയാണ് കേരളത്തിലെ എല്ലാ തിയേറ്റർ ഉടമകളുടെയും ആഗ്രഹം. പക്ഷേ വലിയ പ്രതിസന്ധിയിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച ഇളവുകളൊന്നും കിട്ടിയില്ല. ഫിലിം ചേംബർ, നിർമ്മാതാക്കൾ, വിതരണക്കാർ എല്ലാവരും ചേർന്നാണ് ഇപ്പോഴത്തെ തീരുമാനം എടുത്തിരിക്കുന്നത്. സർക്കാരിൽ നിന്ന് ഇളവുകൾ ലഭിക്കുമോ എന്നാണ് വീണ്ടും നോക്കുന്നത്. അതിനുവേണ്ടി കാത്തിരിക്കുകയാണ്. തിയേറ്ററുകൾ ഇപ്പോൾ തുറക്കുന്നില്ല എന്നതാണ് തീരുമാനം. തിങ്കളാഴ്ച സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആനുകൂല്യം കിട്ടിയില്ലെങ്കിൽ മാസ്റ്റർ പ്രദർശിപ്പിക്കില്ല." ആൻറണി പെരുമ്പാവൂർ പറഞ്ഞു.

ഒരു സിനിമയ്ക്കുവേണ്ടി മാത്രം തിയേറ്ററുകൾ തുറക്കാനാവില്ലെന്നും ഒരിക്കൽ തുറന്നാൽ തുടർച്ചയായി സിനിമകൾ വന്ന് ഈ വ്യവസായം ചലിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ തിയേറ്ററുകളിൽ 100 ശതമാനം പ്രവേശനം അനുവദിക്കണമെന്ന് സർക്കാരിനോട്ആവശ്യപ്പെടില്ലെന്നും കൂടുതൽ പ്രദർശനങ്ങൾ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും ആൻറണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.

വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാർജ് എന്നിവയിലെ ഇളവുകൾ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാതെ തീയേറ്റർ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇതോടെ പൊങ്കൽ റിലീസ് ആയി 13ന് എത്താനിരിക്കുന്ന തമിഴ് ചിത്രം 'മാസ്റ്ററി'ന്റെ കേരള റിലീസും നടക്കില്ല.  മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച അടുത്ത ചർച്ച നടത്താനിരിക്കുകയാണ് സിനിമാ സംഘടനകൾ.

അതേസമയം വിജയ് ചിത്രം 'മാസ്റ്ററി'ന്റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവൻകൂർ ഏരിയയിലെ വിതരണാവകാശം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനും കൊച്ചിൻ-മലബാർ ഏരിയയുടെ വിതരണാവകാശം ഫോർച്യൂൺ സിനിമാസിനുമാണ്.