കൊച്ചി: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ശനിയാഴ്ച(ജൂലൈ 23) എറണാകുളം ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ഫയൽ തീർപ്പാക്കൽ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ ഓഫീസുകളിൽ ശനിയാഴ്ച മാത്രം 1780 ഫയലുകൾ തീർപ്പാക്കി. ഇതോടെ ജില്ലയിൽ തീർപ്പാക്കാതെ ശേഷിച്ച 19.58 ശതമാനം ഫയലുകളിൽ പരിഹാരമുണ്ടായി. ജൂൺ 15 ന് ഫയൽ തീർപ്പാക്കൽ യജ്ഞം ആരംഭിച്ചത് മുതൽ 86,758 ഫയലുകളാണു ജില്ലയിൽ തീർപ്പാക്കിയത്.

7859 ഫയലുകൾ തീർപ്പാക്കാൻ ശേഷിച്ചിരുന്ന പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ 2679 ഫയലുകളാണ് ഇതുവരെ തീർപ്പായത്. 40558 ഫയലുകൾ തീർപ്പാക്കാൻ ശേഷിച്ചിരുന്ന പഞ്ചായത്ത് ഉപ ഡയറക്ടറുടെ ഓഫീസിലെ 10775 ഫയലുകൾ ഇതുവരെ തീർപ്പാക്കി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലെ 69.37 ശതമാനം ഫയലുകളിലും പരിഹാരമായി. ആകെ 4333 ഫയലുകളാണ് എംപ്ലോയ്മെന്റ് ഓഫീസിൽ തീർപ്പായത്.

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 42065 ഫയലുകളാണ് ഇതുവരെ ജില്ലയിൽ തീർപ്പായത്. കൊച്ചി മെട്രോ റെയിൽ പ്രൊജക്റ്റ് ഒന്നിന് കീഴിലെ 110 ഫയലുകളും പ്രൊജക്റ്റ് രണ്ടിന് കീഴിലെ 89 ഫയലുകളും തീർപ്പാക്കി. കൊച്ചി മെട്രോ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലെ 254 ഫയലുകൾ ഇതുവരെ തീർപ്പാക്കി.

കളക്ടറേറ്റിൽ മാത്രമായി 14947 ഫയലുകളാണ് ഇതുവരെ തീർപ്പാക്കിയത്. മജിസ്റ്റീരിയൽ, ദുരന്ത നിർവഹണ വിഭാഗങ്ങൾ 30 ശതമാനത്തിലധികം ഫയലുകൾ തീർപ്പാക്കി. ഭരണനിർവഹണം, ധനകാര്യം വിഭാഗങ്ങളിലെ 20 ശതമാനതിലധികം ഫയലുകൾ തീർപ്പാക്കി.