പാലക്കാട്: സിനിമ ഷൂട്ടിങ്ങിനിടെ ടോക്യോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിനെയും കുടുംബത്തെയും കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച്് സംവിധായകൻ ഷാജി കൈലാസ്. ഫേസ്‌ബുക്കിലൂടെയാണ് ശ്രീജേഷിനെയും കുടുംബത്തേയും കണ്ടതിന്റെ വിശേഷം ഫോട്ടോകൾ സഹിതം പങ്കിട്ടത്.

ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭയാണ് ശ്രീജേഷെന്നും ഷാജി കൈലാസ് കുറിക്കുന്നു. മോഹൻലാലിനൊപ്പം പുതുതായി ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലാണ് ഷാജി കൈലാസ്.

ഷാജി കൈലാസിന്റെ വാക്കുകൾ

അവിചാരിതം... മനോഹരം...അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് കുതിരാൻ ഭാഗത്ത് നടക്കുന്നു. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുമ്പോഴാണ് ശ്രീ പി ആർ ശ്രീജേഷ് കയറിവരുന്നത്...

കൂടെ സ്‌നേഹമുള്ള കുടുംബവും. ഒളിംപിക്സിൽ മെഡൽ നേടിയ മലയാളി.. ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ.. പരസ്പരം കണ്ടപ്പോൾ, സംസാരിച്ചപ്പോൾ, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി. ശ്രീജേഷിനെ കണ്ടതും സംസാരിക്കാൻ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു. ഈ കായികതാരം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.. മലയാളിയുടെ പേരും പെരുമയും സഹ്യൻ കടന്ന്, കടൽ കടന്ന് ലോകമെമ്പാടും എത്തട്ടെ... നന്ദി ശ്രീജേഷ്... അങ്ങേക്ക് വേണ്ടി ഏതൊരു കയികപ്രേമിയേയും പോലെ ഞാനും പ്രാർത്ഥിക്കുന്നു..ചക് ദേ ഇന്ത്യ...