തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർത്തിവച്ചിരുന്ന സിനിമ ഷൂട്ടിങ് ചൊവ്വാഴ്ച മുതൽ വീണ്ടും തുടങ്ങും. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തിൽ മാർഗ രേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിങ് തുടങ്ങുന്നത്.

ലൊക്കേഷനിലെത്തുന്നവർ കർശനമായി പാലിക്കുന്നതിനായി മുപ്പത് ഇന മാർഗ രേഖയാണ് തയാറാക്കിയിട്ടുള്ളത്.കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ, ഒ ടി ടി പ്ലാറ്റ്‌ഫോം ഉൾപ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാർഗ രേഖ ബാധകമാണ്.

ഷൂട്ടിംഗിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം അമ്പത് ആയി നിജപ്പെടുത്തും. ഷൂട്ടിംഗിൽ പങ്കെടുക്കുന്നതിന് നാൽപത്തിയെട്ട് മണിക്കൂർ മുമ്പുള്ള ആർ ടി പി സി ആർ പരിശോധന ഫലം,രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്,ലൊക്കേഷൻ വിശദാംശങ്ങൾ എന്നിവ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ,ഫെഫ്ക എന്നിവയിലേക്ക് മെയിൽ ആയി അയയ്ക്കണം.

എന്നും രാവിലെ ലൊക്കേഷനിലെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം.സന്ദർശകരെ പരമാവധി ഒഴിവാക്കണം. ലൊക്കേഷൻ സ്ഥലത്ത് നിന്നോ താമസ സ്ഥലത്തു നിന്നോ പുറത്തു പോകരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.എല്ലാവരും മാസ്‌ക് നർബന്ധമായും ധരിക്കണം.

ചിത്രീകരണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും ഷൂട്ടിങ് ലൊക്കേഷനുകളിൽ 'ബയോ സെക്യൂർ ബബിൾ' ക്രമീകരണം ഏർപ്പെടുത്തിയ ശേഷം മാത്രം തുടങ്ങിയാൽ മതിയെന്നായിരുന്നു ചലച്ചിത്ര ലോകത്തിന്റെ തീരുമാനം.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു ചിത്രീകരണം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണു ബയോ സെക്യൂർ ബബിൾ മാതൃക സ്വീകരിക്കുന്നത്. കായിക മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നത് ഇതേ രീതിയിലാണ്.

ഒരു ഡോസ് കോവിഡ് വാക്‌സീനെങ്കിലും എടുക്കുകയും ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആകുകയും ചെയ്യുന്നവരെ മാത്രമേ ഷൂട്ടിങ് സംഘത്തിൽ ഉൾപ്പെടുത്തുകയുള്ളൂ. ചിത്രീകരണ സ്ഥലം പൂർണമായും ബയോ സെക്യൂർ ബബിൾ ആക്കി മാറ്റുകയാണു ലക്ഷ്യം. അവിടേക്കു പുറത്തു നിന്ന് ആർക്കും പ്രവേശനം നൽകില്ല.

ഇൻഡോർ ഷൂട്ടിംഗിനാണ് നിലവിൽ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ലോക്ക് ഡൗൺ പ്രതിസന്ധി കാരണം കേരളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് പോയ സഹചര്യത്തിലാണ് സർക്കാർ ഇളവ് നൽകിയത്.ഇതടെ ഷൂട്ടിങ് കേരളത്തിലേക്ക് തന്നെ മാറ്റാൻ സിനിമ രംഗത്തെ സംഘടനകൾ തീരുമാനിക്കുകയായിരുന്നു

കേരളത്തിൽ ചിത്രീകരണ അനുമതി ലഭിക്കാത്തതിനാൽ ഹൈദരാബാദിൽ ഷൂട്ടിങ് ആരംഭിച്ച 'ബ്രോ ഡാഡി' രണ്ടാഴ്ചത്തെ ഷെഡ്യൂളിനു ശേഷം ചിത്രീകരണം കേരളത്തിലേക്കു മാറ്റും. മോഹൻലാൽ നായകനായ ചിത്രം പൃഥ്വിരാജാണു സംവിധാനം ചെയ്യുന്നത്. ലോക്ഡൗണിൽ മുടങ്ങിപ്പോയ ഇരുപതോളം ചിത്രങ്ങളാകും ആദ്യം ചിത്രീകരണം തുടങ്ങുക; പുതിയവ ഈ മാസത്തിനു ശേഷവും.

കേരളത്തിൽ ചിത്രീകരണം പുനരാരംഭിക്കുന്നതിനു മുന്നോടിയായി പ്രവർത്തന മാർഗ രേഖ തയാറാക്കാൻ ചലച്ചിത്ര സംഘടനകൾ കൂട്ടായി തീരുമാനിക്കുകയായിരുന്നു. ഫിലിം ചേംബർ പ്രസിഡന്റ് ജി.സുരേഷ് കുമാർ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്, ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ നടത്തിയ ചർച്ചയിലാണു മാർഗരേഖ തയാറാക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം പീരുമേട്ടിൽ ഒരു സിനിമയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും നിർത്തിവയ്ക്കാൻ സംഘടനകൾ നിർദ്ദേശിച്ചിരുന്നു. മാർഗരേഖ കർശനമായി പാലിക്കുമെന്ന് ഉറപ്പുനൽകുന്ന നിർമ്മാതാക്കൾക്കു മാത്രമേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ചിത്രീകരണ അനുമതി നൽകൂ. അസോസിയേഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു ഫെഫ്ക ചിത്രീകരണവുമായി സഹകരിക്കും.