തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും. ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സാണ്ബുധനാഴ്‌ച്ച മുതൽ തീയറ്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ. മലയാള സിനിമകൾ മുൻഗണനാ ക്രമത്തിലാകും റിലീസ് ചെയ്യുക. വിജയ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യാൻ തീയറ്ററുകൽ തുറന്ന് പ്രവർത്തിക്കണം എന്ന ആവശ്യം കേരളത്തിലെ വിജയ് ആരാധകരും കുറച്ച് ദിവസങ്ങളായി ഉയർത്തിയിരുന്നു.

തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. എല്ലാ തർക്കവും അവസാനിച്ചു. സർക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേമ്പർ പ്രതിനിധികൾ പറഞ്ഞു. വിതരണക്കാരുടെ കുടിശിക നൽകാൻ തീയറ്റർ ഉടമകൾ സമയം നിശ്ചയിച്ചു. സെൻസർ പൂർത്തിയായ 11 ചിത്രങ്ങളുടെ റിലീസ് വിതരണക്കാർ നിശ്ചയിക്കും.

2021 ജനുവരി മുതൽ മാർച്ച് വരെ സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഇന്ന് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിന് പിന്നാലെയാണ് തീയറ്ററുകൾ തുറക്കാനുള്ള ഫിലിം ചേമ്പർ ഓഫ് കോമേഴ്സിന്റെ തീരുമാനം.

തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. 2020 മാർച്ച് 31നുള്ളിൽ തിയറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഫഷണൽ നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിങ് ഫിറ്റ്നസ്, ആരോഗ്യം, ഫയർഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കാനും തീരുമാനിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

തീരുമാനത്തിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങൾ രംഗത്തെത്തി.'മലയാള സിനിമയ്ക്ക് ഊർജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്നേഹാദരങ്ങൾ' എന്നാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറച്ചത്. മോഹൻലാലിന് പിന്നാലെ മമ്മൂട്ടി, പൃഥിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ടോവിനോ തോമസ്, മഞ്ജു വാര്യർ, റിമ കല്ലങ്കൽ, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, സംവിധായകരായ രഞ്ജിത്ത്, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി രം​ഗത്തെത്തി.

പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന മുഖ്യമന്ത്രിപിണറായി വിജയന് സ്‌നേഹാദങ്ങളെന്ന് മമ്മൂട്ടി കുറിച്ചു. ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ കൈകൊണ്ട സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും ചലച്ചിത്ര മേഖലയുടെയും നന്ദി അറിയിക്കുന്നുവെന്ന് ദിലീപ് പറഞ്ഞു.

കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന് വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് എന്നായിരുന്നു സംവിധായകൻ രഞജിത്ത് പറഞ്ഞത്. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും അങ്ങേക്കൊപ്പം ഞങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നതെന്നും അദ്ദേഹം കുറിച്ചു.

വിനോദനികുതി മാർച്ച് 31 വരെ ഒഴിവാക്കുകയും തീയേറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്‌സഡ് ചാർജ്ജ് പകുതിയാക്കി കുറക്കുകയും മറ്റ് ഇളവുകൾ അനുവദിക്കുകയും ചെയ്തുകൊണ്ട്, മലയാള സിനിമക്ക് പുതുജീവൻ നൽകിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങളെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണനും പറഞ്ഞു. വിനോദനികുതിയിലെ ഇളവുൾപ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദിയെന്ന് മഞ്ജു വാര്യർ കുറിച്ചു.

ആദ്യമെത്തുന്നത് മാസ്റ്റർ

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിജയ് ചിത്രങ്ങളിൽ ഒന്നാണ് മാസ്റ്റർ. മാസങ്ങൾക്ക് ശേഷം ഒരു ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. നേരത്തെ വിജയ് ചിത്രമായ ബിഗിൽ കേരളത്തിലെത്തിച്ചതും ഇവർ തന്നെയായിരുന്നു.കോവിഡ് വ്യാപനത്തോടെ മാസങ്ങളായി തീയേറ്ററുകൾ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. മാസ്റ്ററിന്റെ റിലീസോടെ തിയേറ്ററുകളെ വീണ്ടും പഴയ സ്ഥിതിയിൽ എത്തിക്കാമെന്ന പ്രതീക്ഷയിൽ ആണ് തിയേറ്റർ ഉടമകൾ. തമിഴ് നാട്ടിൽ ഈ വർഷത്തെ പൊങ്കൽ പ്രമാണിച്ച് ചിത്രം പുറത്തിറക്കാൻ ആണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലും ഇതേ ദിവസം തന്നെ റിലീസ് നടത്താനാണ് തീരുമാനം.

തമിഴ് സൂപ്പർസ്റ്റാർ വിജയ് ചിത്രങ്ങൾക്ക് തമിഴ് നാട്ടിൽ ലഭിക്കുന്ന അതെ സ്വീകരണം തന്നെയാണ് കേരളത്തിലും ലഭിക്കുന്നത്. ഓരോ വിജയ് ചിത്രങ്ങളും കേരളത്തിൽ നിന്ന് കോടികൾ ആണ് വാരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് മാസ്റ്റർ തന്നെ ആദ്യം തിയേറ്ററിൽ എത്തിക്കാൻ കേരളത്തിലെ തിയേറ്റർ ഉടമകളെ പ്രേരിപ്പിക്കുന്നതും. ആദ്യം റിലീസ് ചെയ്യുന്ന ഈ ചിത്രത്തിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണം അനുസരിച്ചിരിക്കായിരിക്കും പെട്ടിയിലിരിക്കുന്ന മറ്റ് മലയാളസിനിമകളും തീയേറ്ററുകൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.

ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്തിരിക്കുന്നത്. രചനയും നിർവഹിച്ചിരിക്കുന്നത് ലോകേഷ് തന്നെയാണ്. വിജയിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഇവരെ കൂടാതെ മാളവിക മോഹനൻ, അർജുൻ ദാസ്, ശാന്തനു ഭാഗ്യരാജ്, ആൻഡ്രിയ ജെർമിയാഹ്, നാസർ, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.