ഷാർജ: യാത്രയ്ക്കിടെയുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന് ഷാർജ പൊലീസ് 186,600ൽ അധികം യാത്രക്കാരിൽ പിഴ ഈടാക്കിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇത്രയും അധികം പേരിൽ നിന്നും പിഴ ഈടാക്കിയത്. നിർദ്ദേശങ്ങളും താക്കീതുകളും പല തവണ നൽകിയിട്ടും ആളുകൾ തുടർച്ചയായി നിയമലംഘനം നടത്തുന്നതിന്റെ സൂചനയാണിതെന്ന് ഷാർജ പൊലീസ് പറയുന്നു.

ഒരു ഡ്രൈവർ ചെയ്യുുന്ന ഇത്തരം നിയമലംഘനങ്ങൾ ഒരുപാട് ആളുകളുടെ ജീവിതമാണ് തകർക്കുന്നതെന്നും പൊതുമുതൽ നശിപ്പിക്കുന്ന തരത്തിലേക്ക് ഇത്തരം നിയമലംഘനങ്ങൾ കടക്കുന്നുണ്ടെന്നും ഷാർജ പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ ഒരു അപകട വിഡിയോ പ്രദർശിപ്പിച്ചാണ് ശക്തമായ നടപടി ഇനി ഈ വിഷയത്തിലുണ്ടാകുമെന്ന മുന്നറിയിപ്പ് പൊലീസ് നൽകിയത്.

ഷാർജ സഫീർമാൾ റോഡിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് വന്ന കാർയാത്രികൻ ലക്ഷ്യം പിഴച്ച് നടപ്പാതയിലേക്ക് കയറുന്നതും റഡാറിൽ ഇടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. നാല് ബ്ലാക് പോയന്റും 800 ദിർഹം പിഴയുമാണ് ഇയാൾക്കുള്ള ശിക്ഷ. പൊതുമുതൽ നശിപ്പിച്ച വകയിൽ വേറെ ശിക്ഷയും ലഭിക്കും.