തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. തീപ്പിടിത്തമുണ്ടായ ഭാഗത്ത് പരിശോധന തുടങ്ങി. സ്‌പെഷ്യൽ സെൽ എസ്‌പി വി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. തീപ്പിടിത്തതിൽ വിശദമായ തെളിവെടുപ്പ് നടത്തും.

തീപ്പിടത്തമുണ്ടായ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലാണ് പരിശോധന. ഫൊറൻസിക്, വിരലടയാള വിദഗ്ധരും പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. സംഭവത്തിൽ അട്ടിമറി സാധ്യതകളുൾപ്പെടെ അന്വേഷണ പരിധിയിൽ വരും.

സംഭവത്തിൽ രണ്ട് അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ദുരന്ത നിവാരണ കമ്മീഷണർ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് അന്വേഷിക്കുക.

തീപിടത്തത്തിന്റെ കാരണം, നഷ്ടത്തിന്റെ കണക്ക്, സ്വീകരിക്കണ്ട മുൻകരുതൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് വിഷയത്തിൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. തീപ്പിടിത്തത്തിൽ നഷ്ടപ്പെട്ട ഫയലുകൾ ഏതൊക്കെയെന്ന് കണ്ടെത്തേണ്ട ചുമതല അന്വേഷണ സംഘത്തിനാണ്.

എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. അതേസമയം വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അജണ്ടയ്ക്ക് പുറത്ത് ചർച്ച ചെയ്യുമെന്നാണ് സൂചന.