കാബൂൾ: താലിബാൽ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വിമാനത്താവളത്തിൽ വെടിവെപ്പ്. വിമാനത്താവളത്തിലെ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു.

അഫ്ഗാൻ, യു.എസ്, ജർമൻ സൈനികർക്കു നേരെ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ ഒരു അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ജർമൻ സൈന്യമാണ് വെളിപ്പെടുത്തിയത്. വിമാനത്താവളത്തിന്റെ വടക്കേ ഗേറ്റിൽ തിങ്കളാഴ്ചയാണ് വെടിവെപ്പുണ്ടായത്.

അഫ്ഗാൻ, യു.എസ്, ജർമൻ സൈനികർ ഏറ്റുമുട്ടലിൽ പങ്കെടുത്തു. ജർമൻ സൈനിക വക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ സൈന്യത്തിന് നേരെയും ജർമ്മൻ സൈന്യത്തിന് നേരെയും വെടിവെപ്പുണ്ടായെന്നും റിപ്പോർട്ടുണ്ട്.

ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരും വിദേശികളും വിമാനത്താവളത്തിനുള്ളിൽ കഴിയുമ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്. താലിബാൻ കാബൂൾ പിടിച്ചതിനു പിന്നാലെ ആയിരങ്ങളാണ് രാജ്യം വിടാനായി കാബൂൾ വിമാനത്താവളത്തിൽ അഭയം പ്രാപിച്ചിരിക്കുന്നത്. സഖ്യസേന പിൻവാങ്ങാനുള്ള തീയതി അടുക്കുന്നതോടെ വിമാനത്താവളത്തിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.

താലിബാൻ ആണോ അക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല.ആയുധങ്ങളുമായി നൂറുകണക്കിന് താലിബാൻ ഭീകരരാണ് വിമാനത്താവളത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്നത്.

രാജ്യം വിടാൻ ആയിരക്കണക്കിന് പേർ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചിരുന്നു. അഫ്ഗാൻ പൗരന്മാരാണ് മരിച്ച ഏഴുപേരും. ആയിരക്കണക്കിനുപേർ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കും തിരക്കും സംഘർഷത്തിലേക്കു നയിച്ചുവെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നുമാണ് റിപ്പോർട്ട്.

കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് അവിടെ നിന്നും തിരികെയെത്തിയ മലയാളികളടക്കം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഒഴിപ്പിക്കൽ സുഗമമാക്കാൻ അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണു കാബൂൾ വിമാനത്താവളം.



നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധന മന്ത്രാലയം വ്യക്തമാക്കി.താലിബാന്റെ കൊടുംക്രൂരതകൾ ഭയന്ന് ജനങ്ങൾ രാജ്യം വിടാൻ തുടങ്ങിയതോടെയാണ് അഫ്ഗാൻ ചരിത്രത്തിലുണ്ടാവാത്ത തരത്തിലുള്ള വലിയ പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുന്നത്.

വിമാനത്താവളത്തിലേക്ക് വരുന്നവരെ താലിബാൻ തീവ്രവാദികൾ ബലപ്രയോഗത്തിലൂടെ തടയുന്നുണ്ട്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമുൾപ്പടെയുള്ളവരെ അതിക്രൂരമായി മർദ്ദിക്കുകയും വെടിവയ്ക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും അതൊന്നും വകവയ്ക്കാതെയാണ് അഫ്ഗാനികൾ വിമാനത്താവളത്തിലേക്ക് എത്തുന്നത്.



അതേ സമയം രാജ്യത്ത് നിന്നും പലായനം ചെയ്യുന്നവരിൽ താലിബാൻ ഭീകരർ നുഴഞ്ഞു കയറുമോ എന്ന ആശങ്ക പ്രകടിപ്പിച്ച് റഷ്യ രംഗത്തെത്തി. പലായനം ചെയ്യുന്നവരിൽ ഭൂരിഭാഗവും അമേരിക്കയിലേക്കും ഏതാനും യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണ് പോകുന്നത്. എന്നാൽ വിസ നടപടികൾ പൂർത്തിയാകുന്നതു വരെ ഇത്തരക്കാരെ തങ്ങളുടെ രാജ്യങ്ങളിലേക്കു പ്രവേശിപ്പിക്കുവാൻ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ തയ്യാറല്ല.

വിസ ഇല്ലാത്ത അഫ്ഗാൻ അഭയാത്ഥികളെ തത്ക്കാലം അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. എന്നാൽ അമേരിക്കയുടെ ഈ നടപടി തങ്ങൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ടെന്ന് റഷ്യ ആശങ്ക പ്രകടിപ്പിച്ചു.

'വിസ നടപടികൾ പൂർത്തിയാക്കാതെ അഫ്ഗാൻ പൗരന്മാരെ കൊണ്ടു പോകാൻ അമേരിക്ക തയ്യാറല്ല. പക്ഷേ എന്ത് അർത്ഥത്തിലാണ് അവരെ അഫ്ഗാന്റെ അയൽരാജ്യങ്ങളിൽ പാർപ്പിച്ചിരിക്കുന്നത്. ഇത്തരക്കാർ ഭാവിയിൽ തീവ്രവാദികളായി റഷ്യക്കു ഭീഷണിയാകില്ലെന്ന് എന്ത് ഉറപ്പാണുള്ളത്?' പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ചോദിക്കുന്നു.

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ പഴയ സോവിയറ്റ് റഷ്യയുടെ ഭാഗങ്ങളായ രാഷ്ട്രങ്ങളുമുണ്ട്. ഇവിടെ നിന്നും വിസാ നടപടികൾ കൂടാതെ റഷ്യയിലേക്ക് കടക്കാൻ സാധിക്കും, ഇത്തരത്തിൽ അഫ്ഗാനിൽ നിന്നും തീവ്രവാദികൾ റഷ്യയിലേക്ക് കുടിയേറുമോ എന്നതാണ് പുടിന്റെ ആശങ്കയുടെ കാരണം.