റിയാസ് ഖാൻ നായകനാവുന്ന 'മായക്കൊട്ടാരം' എന്ന സിനിമക്കെതിരെ ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ രം​ഗത്ത്. തനിക്കെതിരെ പ്രവർത്തിക്കുന്നവരാണ് ഈ ചിത്രത്തിനു പിന്നിലെന്ന് ഫിറോസ് കുന്നംപറമ്പിൽ ഫേസ്‌ബുക്ക് ലൈവിലൂടെ ആരോപിച്ചു. നിങ്ങൾ വിമർശിക്കുന്തോറുമാണ് പൊതുസമൂഹം എന്നെ ഏറ്റെടുക്കുന്നതെന്ന് ഫിറോസ് പറയുന്നു. നിങ്ങൾക്ക് ഇതൊക്കെ ഒരു ബിസിനസ് ആണ്. അഭിനയിക്കുന്നവർക്കും സംവിധായകനും നിർമ്മാതാവിനും പൈസ കിട്ടും. രോഗികൾക്കുവേണ്ടി വീഡിയോ ചെയ്യുമ്പോൾ എനിക്കും പൈസ കിട്ടും. ആ പണം കൊണ്ടാണ് ആ പാവങ്ങളൊക്കെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്- ഫിറോസ് തന്റെ ലൈവിൽ പ്രതികരിച്ചു.

ഫിറോസിന്റെ വാക്കുകൾ:

"നിങ്ങൾ വിമർശിക്കുന്തോറുമാണ് പൊതുസമൂഹം എന്നെ ഏറ്റെടുക്കുന്നത്. കാരണം നിങ്ങൾ എന്ന് വിമർശിച്ചോ അന്ന് ഞാൻ ചെയ്യുന്ന വീഡിയോകൾക്ക് നല്ലോണം പൈസ ഉണ്ടാവും. അതുകൊണ്ട് വിമർശനത്തിന് ഒട്ടും കുറവ് വരുത്തണ്ട. ഇപ്പൊ നിങ്ങൾ വലിയൊരു ഗ്രൂപ്പുണ്ട്. നിങ്ങളിൽ ഒരുപാട് ആളുകളുണ്ട്. ഇപ്പോൾ സിനിമയടക്കം ഇറക്കാൻ പോവുകയാണ് ആ സംഘം. പിരിവിട്ട് ലക്ഷങ്ങളും കോടികളും സ്വരൂപിച്ച് ആ പണമുപയോഗിച്ച് സിനിമയെടുക്കാനും അതിലൂടെ തേജോവധം ചെയ്യാനുമൊക്കെ ഇറങ്ങിയിരിക്കുന്ന ആളുകളോട്.. നിങ്ങൾക്ക് ഇതൊക്കെ ഒരു ബിസിനസ് ആണ്. അഭിനയിക്കുന്നവർക്കും സംവിധായകനും നിർമ്മാതാവിനും പൈസ കിട്ടും. രോഗികൾക്കുവേണ്ടി വീഡിയോ ചെയ്യുമ്പോൾ എനിക്കും പൈസ കിട്ടും. ആ പണം കൊണ്ടാണ് ആ പാവങ്ങളൊക്കെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. രോഗികൾ സുഖപ്പെടുന്നതും വീടില്ലാത്തവർക്ക് വീട് ലഭിക്കുന്നതും ആ പണം കൊണ്ടാണ്. നിങ്ങൾ അടിച്ച് താഴെയിടുന്നതുവരെ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടേയിരിക്കും", ഫിറോസ് കുന്നംപറമ്പിൽ പറയുന്നു.

മായക്കൊട്ടാരം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരുന്നു. 'നന്മമരം സുരേഷ് കോടാലിപ്പറമ്പൻ' എന്ന കഥാപാത്രമായാണ് റിയാസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചാരിറ്റി പ്രവർത്തകരെ അടച്ചാക്ഷേപിക്കുന്നതെന്ന് ഒരു വിഭാഗം പോസ്റ്ററിനെതിരെ വിമർശനവുമായി എത്തിയപ്പോൾ ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെങ്കിൽ വിമർശിക്കപ്പെടേണ്ടതാണെന്നായിരുന്നു മറുഭാഗത്തിന്റെ വാദം. എന്നാൽ 'മായക്കൊട്ടാരം' ഒരു സ്പൂഫ് സിനിമയാണെന്നും ചാരിറ്റി പ്രവർത്തകരിൽ ആരെയെങ്കിലും വ്യക്തിപരമായി ഉദ്ദേശിച്ചായിരുന്നില്ല പോസ്റ്റർ എന്നും റിയാസ് ഖാൻ പറഞ്ഞിരുന്നു.

സംവിധായകൻ കെ.എൻ ബൈജു തന്നെയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. കന്നഡ താരം ദിഷ പൂവയ്യയാണ് നായിക. മാമുക്കോയ, ജയൻ ചേർത്തല, സാജു കൊടിയൻ, കേശവദേവ്, കുളപ്പുള്ളി ലീല, നാരായണൻകുട്ടി, തമിഴ് നടൻ സമ്പത്ത് രാമൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവഗ്രഹ സിനി ആർട്‌സ്, ദേവ ക്രിയേഷൻസ് എന്നിവയുടെ ബാനറുകളിൽ എ.പി കേശവദേവ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിടാണ്. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് അജയ് സരിഗമ സംഗീതം പകരുന്നു. ബിജു നാരായണൻ, മധു ബാലകൃഷ്ണൻ, അനുരാധ ശ്രീറാം, മാതംഗി അജിത് കുമാർ എന്നിവരാണ് ഗായകർ. പെരുമ്പാവൂരും പാലക്കാടുമാണ് ലൊക്കേഷനുകൾ.