താൻ ധരിച്ച ടീ ഷർട്ടിന്റെ പേരിൽ ഉയർന്ന ആരോപണത്തിന് മറുപടിയുമായി സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. രണ്ട് ദിവസം മുമ്പ് ഫേസ്‌ബുക്ക് ലൈവിൽ വന്നപ്പോൾ ഫിറോസ് ധരിച്ച ടീ ഷർട്ടിന്റെ വില 35000 രൂപയാണ് എന്നാണ് ആരോപണം ഉയർന്നത്. ഈ ആരോപണത്തിനോടാണ് ഫിറോസിന്റെ പ്രതികരണം.

താൻ ധരിച്ച ടീ ഷർട്ടിന് 35000 രൂപ വിലയില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു. ടീ ഷർട്ട് വാങ്ങിയതിന്റെ ബില്ലും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. ഇത് പ്രകാരം ടീ ഷർട്ടിന്റെ വില 3500 രൂപയിൽ താഴെയാണ്. 30 യുഎഇ ദിർഹം മാത്രമാണ് ഒരു ടീ ഷർട്ടിന്റെ വില.

ഫിറോസ് ലൈവിൽ വന്നതിന് ശേഷം കഥാകൃത്ത് റഫീഖ് തറയിൽ നടത്തിയ കമന്റാണ് പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. പ്രമുഖ ലക്ഷ്വറി ബ്രാൻഡായ ഫെൻഡിയുടെ (fendi)യുടെ ടീ ഷർട്ടാണ് വീഡിയോയിൽ ഫിറോസ് ധരിച്ചിരിക്കുന്നത്. ഇതിന് 500 യുഎസ് ഡോളർ (35,000 രൂപ) എങ്കിലും വില വരുമെന്നാണ് റഫീഖ് പ്രതികരിച്ചത്. ഇതിനെ തുടർന്ന് ഫിറോസിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. ഇതിനെ തുടർന്നാണ് ഫിറോസിന്റെ ഇപ്പോഴത്തെ പ്രതികരണം.